യു.പി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിക്ക് നിര്‍ണായകം
ന്യൂഡല്‍ഹി: യു.പിയിലും ബിഹാറിലും ഒഴിവു വന്ന ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണായകം. രാജസ്ഥാനില്‍ രണ്ട് ലോക് സഭാ സീറ്റുകളിലും ഒരു നിയമ സഭാ സീറ്റിലും ഉണ്ടായ കനത്ത തോല്‍വിയുടെ ആഘാതം ഇപ്പോഴും ബി.ജെ.പിക്ക് മാറിയിട്ടില്ല. അതിനിടയിലാണ് യു.പിയിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലും ബിഹാറിലെ അരാരിയ ലോക് സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 11ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കും ബിഹാറില്‍ ബി.ജെ.പിക്ക് പുറമെ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനും നിര്‍ണായകമാണ്.
ഈ മാസം 20 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 23ന് പിന്‍വലിക്കാനുള്ള അവസാന തീയതിയാണ്. മാര്‍ച്ച് 11 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 14നാണ്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ അദ്ദേഹം രാജിവച്ച ഒഴിവിലാണ് ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫുല്പൂരില് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്.ജെ.ഡി എം.പി മുഹമ്മദ് തസ്്ലിമുദീന് മരിച്ചതുകൊണ്ടാണ് ബിഹാറിലെ അരാരിയയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തുണ്ടായ അന്തരീക്ഷത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും മാറിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെതിരായ ജനവികാരം ശക്തിപ്പെട്ടതും പൊലിസ് നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ എന്നിവയെല്ലാം ബി.ജെ.പി വിരുദ്ധ തരംഗമാണ് ഉത്തര്പ്രദേശിലുണ്ടാക്കിയിട്ടുള്ളത്. ബിഹാറിലും സ്ഥിതി മറിച്ചല്ല.
മഹാസഖ്യത്തെ പിളര്‍ത്തി ബി.ജെ.പിക്കൊപ്പം ഭരണപങ്കാളിത്തത്തിലേക്ക് മാറിയ നിതീഷിനെതിരേ ശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹത്തിന് പലയിടത്തും നേരിടേണ്ടി വന്നത്. അഴിമതി നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആര്.ജെ.ഡിയുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നാണ് നിതീഷ് കുമാര്‍ ബിഹാറിലെ മഹാസഖ്യത്തെ പിളര്ത്തിയപ്പോള് പറഞ്ഞിരുന്നത്.
എന്നാല്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ നിതീഷ് എന്തുകൊണ്ട് ബി.ജെ.പിയെ തള്ളിപ്പറയുന്നില്ലെന്ന വാദം ശക്തമായിട്ടുണ്ട്.
ഇതിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് നിതീഷിനുകൂടി നിര്‍ണായകമാണ്.
അതിനിടയില്‍ കാലിത്തീറ്റ അഴിമതിക്കേസില്‍ റാഞ്ചി ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്.ജെ.ഡിക്കും മണ്ഡലം നിലനിര്‍ത്തണമെന്നത് അഭിമാനപ്രശ്നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."