ഉദുമയില്‍ വീണ്ടും തെരഞ്ഞെടുപ്പ് ആരവം
ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഫലാവലോകനത്തിന്റെയും ക്ഷീണം കെട്ടടങ്ങും മുന്‍പ് ഉദുമയില്‍ ഒരു തെരഞ്ഞെടുപ്പു കൂടി. ഇത്തവണ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്.
മരിച്ച ഉദുമ ഡിവിഷന്‍ മെമ്പറായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ജൂലൈ അവസാനത്തോടു കൂടി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഡിവിഷനിലെ വോര്‍ട്ടര്‍മാരുടെ കരടുപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിക്കഴിഞ്ഞു. വൈകാതെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും തിയതിയും പ്രഖ്യാപിക്കും.
പഞ്ചായത്ത് ഇനി ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഈ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ജയിക്കുന്ന മുന്നണിക്കായിരിക്കും ജില്ലാ പഞ്ചായത്തിന്റെ ഭരണം ലഭിക്കുക. അതിനാല്‍ ജില്ലയുടെ മുഴുവന്‍ ശ്രദ്ധയും ഉദുമയിലേക്ക് തിരിയുമെന്നുറപ്പാണ്. ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തില്‍ മുഴുകിക്കഴിഞ്ഞു.
കഴിഞ്ഞ നവമ്പറില്‍ ജില്ലാ പഞ്ചായത്തിലെ 17 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. എല്‍.ഡി.എഫിന് ഏഴു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പിക്ക് രണ്ടു സീറ്റുകള്‍ ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് മെമ്പറായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജി മരണപ്പെട്ടത്. അതോടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴു സീറ്റുകള്‍ വീതമായി. ഉദുമയില്‍ സി.പി.എമ്മിന് ജയിക്കാനായാല്‍ യു.ഡി.എഫിന്റെ ഭരണം നഷ്ടപ്പെടും.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയെയായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസിനും ലീഗിനും നാലുവീതം സീറ്റുകള്‍ ലഭിച്ചതോടെ പ്രസിഡന്റ് പങ്കിട്ടെടുക്കാന്‍ ധാരണയായി. ആദ്യത്തെ രണ്ടര വര്‍ഷം ലീഗിലെ എ.ജി.സി ബഷീറും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു ഹാജിയും പ്രസിഡന്റാവുക എന്നതായിരുന്നു വ്യവസ്ഥ.
എന്നാല്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വിയോഗത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം തുലാസിലായി. യു.ഡി.എഫിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഉദുമ നിയോജക മണ്ഡലത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി വിജയിക്കാനായ ആവേശത്തോടെയാണ് സി.പി.എം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണം പിടിച്ചെടുക്കാന്‍ ആവനാഴിയിലെ മുഴുവന്‍ അമ്പുകളും സി.പി.എം പ്രയോഗിക്കുമെന്നുറപ്പാണ്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെയുണ്ടായ യു.ഡി.എഫിലെ അനൈക്യം മറികടക്കാനാണ് ലീഗിന്റെ ശ്രമം. ജൂണ്‍ ഒന്നിന് നടക്കുന്ന ഡി.സി.സി നേതൃയോഗത്തോടെ ഇതിനൊരു പരിഹാരമാവുമെന്നാണ് വിശ്വാസം. അതിനായി മുന്നണികളും ഘടക കക്ഷികളും ചര്‍ച്ചകളും പരിഹാരങ്ങളും തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."