ഗുരുതര ആരോപണവുമായി 'ദി വയര്‍' വീണ്ടും; വ്യവസായി നിഖില്‍ മര്‍ച്ചന്റിന് മോദി വഴിവിട്ട് സഹായം ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഗുരുതര ആരോപണവുമായി ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയര്‍'. മോദിയുടെ അടുത്ത സുഹൃത്തും വ്യവസായിയുമായ നിഖില്‍ വി. മര്‍ച്ചന്റിന്റെ ഉടമസ്ഥതയിലുള്ള സ്വാന്‍ എനര്‍ജി കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തുവെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട്. സ്വാന്‍ എനര്‍ജി കഴിഞ്ഞ കുറച്ചു കാലമായി വസ്ത്ര, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം ഈ കമ്പനി എല്‍.എന്‍.ജി മേഖലയിലും പദ്ധതികള്‍ തുടങ്ങി. ഈ പദ്ധതിക്ക് വലിയ തോതിലുള്ള നിക്ഷേപമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചത്. എല്‍.എന്‍.ജി മേഖലയില്‍ കാര്യമായ മുന്‍പരിചയമില്ലാത്ത കമ്പനിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വന്‍കിട നിക്ഷേപത്തിനു പിന്നിലെ കാരണം ദുരൂഹമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വാന്‍ എനര്‍ജിയുടെ പദ്ധതി ഗുജറാത്തിലെ അംറേലി ജില്ലയിലെ ജഫ്രാബാദ് തുറമുഖത്താണ് തുടങ്ങിയത്. 2016 ലായിരുന്നു ഈ പദ്ധതിയുടെ ആരംഭം. ഒ.എന്‍.ജി.സി, ഐ.ഒ.സി, എച്ച്.പി.സി.എല്‍, ഗുജറാത്ത് പൊതുമേഖലാ സ്ഥാപനമായ ജി.എസ്.പി.സി എന്നിവ സ്വാന്‍ എനര്‍ജിയുടെ ഈ പദ്ധതിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തി.
കരാര്‍ പ്രകാരം പദ്ധതിക്ക് വേണ്ടി സ്വാന്‍ എനര്‍ജിയെടുത്ത വായ്പയുടെ ഉത്തരവാദിത്തം പൊതുമേഖലാ കമ്പനികള്‍ക്കാണ്. സ്വാന്‍ എനര്‍ജിക്ക് വരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വവും പൊതുമേഖലാ കമ്പനികള്‍ക്കാണ്. ഈ വ്യവസ്ഥകള്‍ സ്വാന്‍ എനര്‍ജിക്ക് ലഭിച്ച വഴിവിട്ട സഹായത്തിന്റെ തെളിവാണെന്നാണ് ദി വയര്‍ ചൂണ്ടിക്കാട്ടുന്നത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 2009 ല്‍ പിപ്വാവ് പവര്‍ ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി 381 കോടി രൂപയ്ക്ക് സ്വാനിന് നല്‍കിയത്. മോദിയുടെ ഈ തീരുമാനം ഗുജറാത്തില്‍ വന്‍ വിവാദമായിരുന്നു. അന്ന് മോദിയും വ്യവസായി നിഖില്‍ മര്‍ച്ചന്റുമായുള്ള സൗഹൃദമാണ് തീരുമാനത്തിനു പിന്നിലെന്ന് ആരോപണവും ഉയര്‍ന്നു. പ്രധാനമന്ത്രി നടത്തിയ പല വിദേശപര്യടനങ്ങളിലും നിഖില്‍ മര്‍ച്ചന്റ് വ്യവസായ സംഘാംഗമായും ഉണ്ടാകാറുണ്ട്.
കേന്ദ്ര- സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെ വഴിവിട്ട സഹായമാണ് സ്വാന്‍ എനര്‍ജിയുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെ കാരണമെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 കമ്പനികളുടെ തലപ്പത്ത് നിഖില്‍ മര്‍ച്ചന്റുണ്ട്. ഈ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും കാര്യമായ ബിസിനിസും ജീവനക്കാരുമില്ല. മഹാരാഷ്ട്ര, ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കമ്പനികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ കടലാസ് കമ്പനികളുടെ ലാഭം മോദി ഭരണത്തില്‍ വര്‍ധിച്ചു വരികയാണെന്നും ദി വയര്‍ പറയുന്നു.
2014ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഗുജറാത്തിലെ രണ്ട് വ്യവസായ സ്ഥാപനങ്ങളായ അദാനി ഗ്രൂപ്പ്, സ്വാന്‍ എനര്‍ജി എന്നിവക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ റെയ്ഡ് സംബന്ധിച്ച് തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ഒന്നുപോലും പുറം ലോകമറിഞ്ഞില്ല. ഇതിന് കാരണം മോദിയുടെ ശക്തമായ ഇടപെടലായിരുന്നുവെന്നും ദി വയര്‍ പറയുന്നു.
ഗോയങ്ക ഗ്രൂപ്പുമായി തെറ്റി 1991ലാണ് നിഖില്‍ മര്‍ച്ചന്റും ഭാര്യാ പിതാവ് നവിന്‍ഭായ് ദേവും സ്വാന്‍ എനര്‍ജി ഗ്രൂപ്പ് എന്ന കമ്പനി തുടങ്ങിയത്. മോദിയുമായി അടുത്തുബന്ധമുള്ളതുകൊണ്ട് കമ്പനി കുറഞ്ഞ കാലംകൊണ്ടുതന്നെ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്.
നേരെത്ത ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."