കളി വിവരണത്തില്‍ ഷൈജു ദാമോദരന് ഇരട്ട ശതകം
കൊച്ചി: ടെലിവിഷനില്‍ കാല്‍പന്തുകളി ആസ്വദിക്കുന്നവരെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന ഷൈജു ദാമോദരന് കമന്ററിയില്‍ ഡബിള്‍ സെഞ്ച്വറി. ഇന്നലെ ബംഗളൂരു എഫ്.സി- എഫ്.സി ഗോവ പോരാട്ടത്തിന് തത്സമയം കളി പറഞ്ഞാണ് ഷൈജു ദാമോദരന് കമന്ററിയില്‍ 200 തികച്ചത്. ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ തത്സമയ കമന്ററിയുമായി ഏഷ്യാനെറ്റ് മൂവിസില്‍ ഷൈജു ദാമോദരനുണ്ട്. ഐ.എസ്.എല്ലില്‍ ഇതുവരെ 251 മത്സരങ്ങളാണ് പൂര്‍ത്തിയായത്. അതില്‍, 200 മത്സരങ്ങള്‍ക്കും ഷൈജു കളി പറഞ്ഞു. ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത - മുംബൈ സിറ്റി എഫ്.സി പോരാട്ടത്തിന് കളി പറഞ്ഞാണ് ഐ.എസ്.എല്ലിലെ തുടക്കം. 47 മത്സരങ്ങള്‍ക്ക് പ്രഥമ ലീഗില്‍ കളി പറഞ്ഞു. രണ്ടാം പതിപ്പില്‍ 61 മത്സരങ്ങള്‍. മൂന്നാം സീസണില്‍ 46. നാലാം സീസണില്‍ ഇതുവരെ 46 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഐ.എസ്.എല്‍ കമന്ററിയില്‍ ഇന്ത്യയുടെ മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയനും ജോപോള്‍ അഞ്ചേരിയും ജിജു ജേക്കബുമാണ് ഷൈജു ദാമോദരന്റെ പങ്കാളികള്‍. സ്വന്തം അനുഭവത്തിന്റെ കരുത്തില്‍ കാല്‍പന്തുകളിയുടെ സാങ്കേതികവശങ്ങള്‍ വിവരിക്കുന്ന ജിജു ജേക്കബ് പുതിയ പങ്കാളിയായി എത്തിയതോടെ ലൈവ് കമന്ററി കൂടുതല്‍ ഉഷാറായി. ന്യൂജെന്‍ കാലത്തിനൊപ്പം കമന്ററിയെ നയിച്ചതോടെയാണ് ഷൈജു താരമായത്. പുല്‍ത്തകിടിക്കും ഗാലറിയിലും തീ പടര്‍ത്തുന്ന പോരാട്ടാമാണ് കാല്‍പന്തുകളി. അതേ ആവേശവും ആരവവും ടെലിവിഷന് മുന്നിലിരുന്ന് കളി കാണുന്നവരിലേക്കും ഷൈജുവിന്റെ ശബ്ദത്തിലൂടെ എത്തുന്നു.
'സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി... ആ കപ്പലില്‍ കേറി കൊച്ചിയിലേക്ക് മഞ്ഞകുപ്പായക്കാര്‍ വരുമ്പോള്‍... കാണികള്‍ പറയുന്നു എന്തൊരഴക് ആഹാ... എന്തൊരു ഭംഗി'. വാക്കുകള്‍ കൊണ്ട് മലയാളി കാല്‍പന്തുകളി ആസ്വാദകരുടെ കാതുകളിലേക്ക് ഷൈജു നിരവധി ഗോളുകളടിച്ചു. 'ഉസാര്‍ക്ക് നാരങ്ങ... കുസാല്‍ക്ക് മുന്തിരിങ്ങ, ഓട് മുംബൈ കണ്ടം വഴി, ശുക്രന്‍ ഹബീബി അല്‍ഫ് മറ.' വാക്കിന്റെ വിസ്മയങ്ങള്‍ നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."