സങ്കടക്കടലിലേക്ക് വി.എസ് എത്തി
വളയം (കോഴിക്കോട്): മകന്റെ വേര്‍പാടില്‍ മനമുരുകി കഴിയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ എത്തി. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ നാദാപുരം വളയം പൂവംവയലിലെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് ഒന്നിന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ് എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തതും സംഭവത്തിന്റെ തുടക്കത്തിലെ പൊലിസ് വീഴ്ചയും ഏറെ വിവാദമായിരുന്നു. പിണറായി വീട് സന്ദര്‍ശിക്കാത്തത് ചൂണ്ടിക്കാട്ടി പഴയ എസ്.എഫ്.ഐക്കാരികൂടിയായ മാതാവ് മഹിജ എഴുതിയ കത്തും ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വി.എസിന്റെ സന്ദര്‍ശനം. വീട്ടിലെത്തിയ വി.എസിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് എതിരേറ്റത്. സി.പി.എം നേതാക്കളായ വി.പി കുഞ്ഞികൃഷ്ണന്‍, പി.പി ചാത്തു എന്നിവരും വി.എസിന്റെ കൂടെയുണ്ടായിരുന്നു
വീട്ടിലെത്തിയ വി.എസ് അമ്മ മഹിജയോടും പിതാവ് അശോകനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തന്റെ മകനെ കോളജധികൃതര്‍ കൊന്നതാണെന്നും നീതി ലഭിക്കുന്നതുവരെ കൂടെ ഉണ്ടാവണമെന്നും മഹിജയും അശോകനും വി.എസിനോട് ആവശ്യപ്പെട്ടു.
ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദിയായവരെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് വി.എസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദി കോളജ് മാനേജ്മന്റ് ആണെന്നും പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരച്ഛനോടു പറയുന്നതുപോലെ എല്ലാം വി.എസിനോട് പറഞ്ഞെന്നും ഇത് വളരെ ആശ്വാസം പകരുന്നതാണെന്നും അമ്മ മഹിജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."