കക്കട്ടിലിന്റെ കഥാകാരന്‍ യാത്രയായിട്ട് ഒരാണ്ട്
കോഴിക്കോട്: അക്ബര്‍ മാഷ് ഒറ്റ തിരക്കഥയേ എഴുതിയിട്ടുള്ളൂ... വീട്ടുകാരും മാഷുമെല്ലാം അതില്‍ നന്നായി അഭിനയിക്കുകയും ചെയ്തു... സിനിമാ സുഹൃത്തുക്കള്‍ ഒരുപാടുണ്ടായിട്ടും ജീവിതത്തിലൊരിക്കലും സിനിമാ തിരക്കഥയെഴുതാത്ത അക്ബര്‍ കക്കട്ടിലിനെക്കുറിച്ചുള്ള ആ വാചകങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കാനാവാതെ മോഹനന്‍ നിര്‍ത്തി. എല്ലാം ഓര്‍മമാത്രമാക്കിയ ഫെബ്രുവരി 17 ഒരിക്കല്‍ കൂടി വന്നെത്തുമ്പോള്‍ തങ്ങളുടെ പ്രയപ്പെട്ട അക്ബര്‍ കക്കട്ടില്‍ യാത്രപറഞ്ഞ ആ ദിവസം വേദനയോടെ ഓര്‍ക്കുകയാണ് ആത്മസുഹൃത്തുക്കളില്‍ ഒരാളായ ആയടത്തില്‍ മോഹനന്‍.
സാഹിത്യപ്രവര്‍ത്തനങ്ങളും മറ്റുമായുള്ള സഞ്ചാരം കഴിഞ്ഞ് അക്ബര്‍ കക്കട്ടില്‍ നാട്ടിലെത്തിയാല്‍ നരിപ്പറ്റയിലെ കുട്ടിക്കാട്ടില്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ആയടത്തില്‍ മോഹനന്‍ മാഷുള്‍പ്പെടെയുള്ള ചങ്ങാതിക്കൂട്ടം കക്കട്ടങ്ങാടിയിലെ കെ.വി സുരേന്ദ്രന്റെ മൊബൈല്‍ഷോപ്പില്‍ ഒരുമിച്ചു കൂടും. അവിടെ നാട്ടുകാര്യങ്ങളും സാഹിത്യവുമെല്ലാം ചര്‍ച്ചയാവും. നാട്യമേതുമില്ലാതെ തനി കക്കട്ടില്‍കാരനായി അക്ബര്‍ മാഷ് അവരിലൊരാളാവും. യാത്രകളും ചര്‍ച്ചകളും സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായൊക്കെ അക്ബര്‍ മാഷ് കക്കട്ടില്‍ വിടുമ്പോള്‍ നാട്ടുകാര്യങ്ങളറിയാന്‍ മോഹനന്‍ മാഷെ വിളിക്കും. അവര്‍ക്കിടയില്‍ ഒളിച്ചുവയ്ക്കലുകളില്ല. അക്ബറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നു പോലും മോഹനന്‍മാഷെ ചിലര്‍ പറയും. രോഗം വന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ഡോ. കൃഷ്ണന്‍നായരുടെ അടുത്തായപ്പോഴും അവസാനം കോഴിക്കോട്ട് ലളിത ഡോക്ടറുടെ അടുത്തെത്തിയപ്പോഴും തിരിച്ചുവരാന്‍ പറ്റാത്തവിധം അര്‍ബുദമെന്ന മഹാമാരി തന്നെ കീഴ്‌പ്പെടുത്തിയത് ഇരുചെവി അറിയാതിരിക്കാന്‍ അക്ബര്‍ മാഷ് അതീവ ജാഗ്രത പുലര്‍ത്തി. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടിയില്‍ പോലും പേരുവരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കുടുംബത്തിനും കര്‍ശന നിര്‍ദേശം നല്‍കി. ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുടെ മുന്നില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രദ്ധിച്ചു. അവസാനം കോഴിക്കോട് ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍ പോലും തന്നോട് രോഗ വിവരങ്ങള്‍ അദ്ദേഹം പറഞ്ഞില്ലെന്നും മോഹനന്‍ മാഷ് വേദനയോടെ ഓര്‍ക്കുന്നു.
2016 ഫെബ്രുവരി 17ന് കക്കട്ടിലിന്റെ കഥാകാരന്‍ ചേതനയറ്റ് പറമ്പത്തുവീടിന്റെ അകത്തളത്തില്‍ കിടക്കുമ്പോള്‍ മോഹനന്‍ മാഷ് അവിടേക്ക് കടന്നുവന്നു. മാഷിന്റെ രോഗവിവരം തന്നോട് മറച്ചുവച്ചതിലെ പരിഭവം അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചിരുന്നു. അക്ബര്‍ മാഷിന്റെ പ്രിയ മക്കളായ സിത്താരയും സുഹാനയും നിറകണ്ണുകളോടെ മോഹനന്‍ മാഷുടെ അടുത്തെത്തി പറഞ്ഞു. മോഹനേട്ടാ... 'ഉപ്പ തിരക്കഥയെഴുതി.... ഞങ്ങളഭിനയിക്കുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം'. രോഗത്തെപ്പറ്റി അടുത്ത സുഹൃത്തുക്കളോട് പറയാമെന്ന് നിരന്തരം ഞങ്ങള്‍ പറയാറുണ്ടായിരുന്നു. പക്ഷേ ഒരിക്കലും അതിന് ഉപ്പ സമ്മതിച്ചില്ല.
മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങളെന്ന ആശയമുള്ള മൃത്യുയോഗമെഴുതിയ അക്ബര്‍ മാഷ്, അര്‍ബുദത്തിന്റെ ഭീകരതയെ ഒളിപ്പിക്കാന്‍ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ തിരക്കഥ സ്വയമെഴുതി വിടവാങ്ങിയതിനെക്കുറിച്ച് പറയുമ്പോള്‍ ആ ആത്മസുഹൃത്തിന്റെ കണ്ണുകളും ഈറനണിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."