ശീതകാല ഒളിംപിക്സ്: ഉ.കൊറിയന്‍ പ്രതിനിധികളടങ്ങിയ അത്താഴവിരുന്നില്‍നിന്ന് പെന്‍സ് വിട്ടുനിന്നു
സിയൂള്‍: ദക്ഷിണ കൊറിയയില്‍ ആരംഭിച്ച ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കാനായി എത്തിയ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉത്തര കൊറിയന്‍ നേതാക്കളുമൊത്തുള്ള അത്താഴ വിരുന്നില്‍നിന്നു വിട്ടുനിന്നു. ഉ.കൊറിയന്‍ അസംബ്ലി നേതാവ് കിം ജോങ് നാം, പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് എന്നിവര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘത്തോടൊപ്പമുള്ള വിരുന്നില്നിന്നാണ് പെന്‍സ് പിന്മാറിയത്.
ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരുവരും നേരില്‍ കണ്ടെങ്കിലും പരസ്പരം സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. അതേസമയം, ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ കിം യോ ജോങ്ങുമായി ഹസ്തദാനം നടത്തുകയും പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തു.
ഉ.കൊറിയ-ദ.കൊറിയ തര്‍ക്കത്തില്‍ മഞ്ഞുരുക്കമുണ്ടാക്കിയ ശീതകാല ഒളിംപിക്സിന് ഇന്നലെ ദ.കൊറിയന്‍ നഗരമായ പ്യൂങ്ചാങ്ങില്‍ തിരശ്ശീല ഉയര്‍ന്നു. ഉദ്ഘാടന ചടങ്ങില്‍ ഇരുരാജ്യങ്ങളുടെയും അത്ലറ്റുകള് ഒന്നിച്ച് അണിനിരന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ നയതന്ത്ര പ്രതിനിധികളെയും കായികസംഘത്തെയും ഒളിംപിക്സിന് അയക്കാന്‍ ഉ.കൊറിയ തീരുമാനിച്ചിരുന്നു. ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിനു മുന്‍പായി നടന്ന വിരുന്നിന് ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ആയിരുന്നു ആതിഥ്യം വഹിച്ചത്. എന്നാല്‍, ചടങ്ങില്‍ മുഖം കാണിച്ച് യു.എസ് വൈസ് പ്രസിഡന്റ് സ്ഥലം കാലിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."