കര്‍ണാടകയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി ലീഗ്
ബംഗളൂരു: കര്‍ണാടകയില്‍ ന്യൂനപക്ഷ പിന്നോക്ക ദലിത് കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും പാര്‍ട്ടി പ്രവര്‍ത്തനം വിവിധ തലങ്ങളില്‍ ശക്തിപ്പെടുത്താനും സംസ്ഥാന മുസ്‌ലിം ലീഗ് നേതൃത്വ ശില്‍പ്പശാല പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ബൂത്ത്തലം മുതല്‍ സംസ്ഥാനതലം വരെ ശാസ്ത്രീയമായി പാര്‍ട്ടി ഘടകങ്ങളെ പുനഃസംഘടിപ്പിക്കാനും നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെ വികാരതീവ്രതയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ക്കെതിരേ കാംപയിനുകള്‍ സംഘടിപ്പിക്കാനും നിര്‍മാണാത്മകതയുള്ള രാഷ്ട്രീയ സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. എല്ലാ മേഖലയിലേക്കുമുള്ള ഫാസിസത്തിന്റെ കടന്നുവരവിനെതിരേ മതേതര ചേരിക്ക് ശക്തി പകരണം.
ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പോഷക ഘടകങ്ങളായ എസ്.ടി.യു, വനിതാലീഗ്, എം.എസ്.എഫ് എന്നിവക്ക് ദേശീയ തലത്തില്‍ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു.
യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഏപ്രിലില്‍ ബംഗളൂരുവിലും കെ.എം.സി.സി. കമ്മിറ്റി മാര്‍ച്ചില്‍ ചെന്നൈയിലും നടക്കും.
ശില്‍പ്പശാല മുസ്‌ലിം ലീഗ് ദേശീയ ആക്ടിങ് പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഖുറം അനീസ് ഉമര്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്തഗീര്‍ ആഗാ, എം.കെ നൗഷാദ്, അഡ്വ. മുനീര്‍, എന്‍.എ അബൂബക്കര്‍, കെ.വി.പി സുലൈമാന്‍, സിദ്ദീഖ് തങ്ങള്‍, ശംസുദ്ദീന്‍ കൂടാളി, ഹാരിസ് കൊല്ലത്തി, കെ. മുഹമ്മദ്കുട്ടി പ്രസംഗിച്ചു. ഇല്യാസ് സ്വാഗതവും എം. ജാവേദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."