പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം; ഇന്ന് ഫലസ്തീനില്‍
ജോര്‍ദാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം. തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ മുന്നോടിയായി മോദി ജോര്‍ദാനില്‍ വിമാനമിറങ്ങി. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.
ഫലസ്തീനിലേക്കു യാത്ര തിരിക്കാനാണ് ഇന്നലെ വൈകിട്ടോടെ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ക്വീന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവിടെനിന്ന് ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി, ആക്ടിങ് പ്രധാനമന്ത്രി ഡോ. മംദൂഹ് അല്‍ അബ്ബാദി എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. ചരിത്രപരമായ ഫലസ്തീന്‍ സന്ദര്‍ശനത്തിനായി ഇന്ന് അമ്മാനില്‍നിന്ന് ഹെലികോപ്ടര്‍ വഴിയാണു തിരിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്.
അമ്മാനില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയ മോദി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് റാമല്ലയില്‍ എത്തുന്ന അദ്ദേഹം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ വിഷയങ്ങളെക്കാളും മാനുഷികമായ കാര്യങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ എന്നാണ് അറിയുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ, ശേഷിവികസനം തുടങ്ങിയ മേഖലകളില്‍ ഇരുനേതാക്കളും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കും. റാമല്ലയില്‍ 100 കിടക്കയുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി നിര്‍മാണ പ്രഖ്യാപനവും മോദി നടത്തും. ഫലസ്തീന്‍ നാഷനല്‍ അതോറിറ്റി പ്രഥമ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ സ്മാരകസ്തൂപത്തില്‍ റീത്ത് സമര്‍പ്പിക്കും.
ത്രിദിന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യു.എ.ഇയിലെത്തും. ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി യു.എ.ഇയിലെത്തുന്നത്. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. രണ്ടര വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് മോദി യു.എ.ഇയിലെത്തുന്നത്.
ഇന്നും നാളെയുമായി ദുബൈയിലെ മദീനത്ത് ജുമൈറയില്‍ നടക്കുന്ന ലോക ഭരണതല ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. 26 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സന്ദര്‍ശനത്തിനിടെ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ, അബൂദബിയില്‍ ഒരു ക്ഷേത്രത്തിനും മോദി തറക്കല്ലിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."