'ആര്‍ദ്രം' ദൗത്യത്തിനു തുടക്കമായി; ചികിത്സാ ചെലവു കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീമമായി വര്‍ധിക്കുന്ന ചികിത്സാചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യരംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള 'ആര്‍ദ്രം' ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തോന്നിയപോലെ ചികിത്സയ്ക്കു പ്രതിഫലം ഈടാക്കാനാവില്ല. ഇക്കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സ്വാഭാവികമായും ചെലവു കൂടുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കും. കിടത്തി ചികിത്സയ്ക്ക് മരുന്ന് ആശുപത്രിയില്‍ തന്നെ ലഭ്യമാക്കും.
തുടര്‍ചികിത്സ നടത്തുന്നവര്‍ക്ക് വലിയ ചെലവുള്ള മരുന്ന് വാങ്ങേണ്ടിവരുന്നുണ്ട്. അത്തരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കാനും നടപടിയുണ്ടാകും. ഇതിനായി മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകളേക്കാള്‍ വിലകുറച്ച് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ വ്യാപകമാക്കും.
മെഡിക്കല്‍ ക്യാംപുകളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി മേല്‍നോട്ടം വഹിച്ചാല്‍ ജനങ്ങളുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കാനും മനസിലാക്കാനും കഴിയും. ആര്‍ദ്രം കേവലമൊരു സര്‍ക്കാര്‍ പരിപാടിയല്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. ദൗത്യത്തിന്റെ ജില്ലാതല ഉദ്ഘാടനം 20ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സ്വാഗതവും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു നന്ദിയും പറഞ്ഞു.
ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്‍മയുള്ളതും സൗഹാര്‍ദപരവുമായ സേവനങ്ങള്‍, താലൂക്ക് ജില്ലാതല ആശുപത്രികളില്‍ സ്‌പെഷാലിറ്റി- സൂപ്പര്‍സ്‌പെഷാലിറ്റി സേവനങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലമാക്കല്‍, രോഗികള്‍ക്ക് പ്രോട്ടോക്കോള്‍പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കല്‍ തുടങ്ങിയവയാണ് ആര്‍ദ്രം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."