തമിഴകത്ത് ബി.ജെ.പിയുടെ തിരക്കഥ പാളി
ഒ.പി.എസിന്റെ
ഭാവി ഇനിയെന്ത് ?
ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ ഉണ്ടായ പ്രതിസന്ധികളില്‍ വലിയൊരു കാരണക്കാര്‍ ബി.ജെ.പിയാണെന്ന ആരോപണം ശക്തമാകുന്നു. തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് കാര്യമായ വളര്‍ച്ച നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അവര്‍ അധികാരത്തിലേക്ക് കുറുക്കുവഴിയൊരുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്.
അടുത്തു നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ കാര്യമായ ശക്തിയുള്ള അണ്ണാ ഡി.എം.കെയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനായിരുന്നു ബി.ജെ.പി ആസൂത്രണം ചെയ്തിരുന്നത്. ശശികലയെ ഒഴിവാക്കി പനീര്‍ശെല്‍വത്തിന് സഹായം നല്‍കിയാല്‍ അണ്ണാ ഡി.എം.കെ പനീര്‍ശെല്‍വത്തിന്റെ കൈകളിലൊതുങ്ങുമെന്നും അത് തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നുമായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നത്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല. അണ്ണാ ഡി.എം.കെയെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചാല്‍ വലിയ സാധ്യതയായിരിക്കും തുറന്നു കിട്ടുകയെന്നും അവര്‍ ലക്ഷ്യം വച്ചിരുന്നു. ഇലക്ടറല്‍ കോളജില്‍ അണ്ണാ ഡി.എം.കെക്ക് 1,70,000 വോട്ടുകളുണ്ട്. എന്‍.ഡി.എക്ക് 75,000 വോട്ടുകളുടെ കുറവ് അതിജീവിക്കാന്‍ അണ്ണാ ഡി.എം.കെയെ കിട്ടിയാല്‍ പരിഹരിക്കാനാകും. ഇതിനായിട്ടായിരുന്നു അവര്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെ പരമാവധി പ്രയോജനപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചിരുന്നത്. ഇതാണ് പളനിസാമി മുഖ്യമന്ത്രിയായതോടെ ഇല്ലാതായത്. ശശികലയാകട്ടെ ഇതുവരെ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."