കിരീടം നിലനിര്‍ത്താനായി കേരളം ഇന്ന് യാത്ര തുടങ്ങും
തിരുവനന്തപുരം: കിരീടം നിലനിര്‍ത്താനുള്ള മോഹവുമായി ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള താരങ്ങള്‍ ഇന്നു ഗുജറാത്തിലെ വഡോദരയിലേക്കു യാത്ര തിരിക്കും. 53 കായിക താരങ്ങളും 10 ഒഫിഷ്യല്‍സും ഉള്‍പ്പടെ 63 അംഗ സംഘമാണ് കേരളത്തിന്റേത്. യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ 32 പേര്‍ക്ക് റെയില്‍വേ ബര്‍ത്തുകള്‍ അനുവദിച്ചു. 16 റിസര്‍വേഷന്‍, തത്ക്കാല്‍ ടിക്കറ്റുകള്‍ വീതമാണു ലഭിച്ചത്. 31 പേര്‍ക്കു കൂടി ബര്‍ത്ത് അനുവദിച്ച് കിട്ടാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. ഗുജറാത്തിലേക്കുള്ള പ്രതിവാര തീവണ്ടിയായ കൊച്ചുവേളി ബറോഡ എക്‌സ്പ്രസിലാണ് യാത്ര. രാവിലെ 11നു കൊച്ചുവേളിയില്‍ നിന്നു സംഘം യാത്ര തിരിക്കും. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് സംഘം യാത്രയാകുന്നത്.
വഡോദര മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ 20 മുതല്‍ 23 വരെയാണു അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. 27 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. നിലവിലെ ജൂനിയര്‍ വിഭാഗം ചാംപ്യന്‍മാരാണ് കേരളം. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ആദ്യ ജൂനിയര്‍ വിഭാഗത്തിലും കിരീടം നേടാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണു താരങ്ങള്‍. കോഴിക്കോട് നടന്ന കഴിഞ്ഞ ദേശീയ മീറ്റില്‍ 120 പോയിന്റുമായാണ് കേരളം ജൂനിയര്‍ വിഭാഗം ചാംപ്യന്‍മാരായത്. പെണ്‍കുട്ടികള്‍ 85 പോയിന്റു നേടിയപ്പോള്‍ 35 പോയിന്റായിരുന്നു ആണ്‍കുട്ടികളുടെ സംഭാവന. മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയുമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്‍. സംസ്ഥാന മീറ്റിനു ശേഷം മാസങ്ങളുടെ ഇടവേള വന്നതും പരീക്ഷാക്കാലവും താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ഭയം പരീശീലകര്‍ക്കുണ്ട്. ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യകളായ അതുല്യ ഉദയനും ടി സൂര്യമോളും പരീക്ഷയെ തുടര്‍ന്ന് മീറ്റില്‍ നിന്നു പിന്‍മാറി. കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളായ താരങ്ങളായിരുന്നു ഇരുവരും.
30 താരങ്ങളാണ് ഒരാഴ്ചക്കാലം തിരുവനന്തപരുത്തു നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്തത്. കോതമംഗലം സ്‌കൂളുകളിലെ താരങ്ങള്‍ എറണാകുളത്ത് നിന്നും പാലക്കാട്ടു നിന്നുള്ള താരങ്ങള്‍ ഷൊര്‍ണൂരിലും വച്ച് ടീമിനൊപ്പം ചേരും. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ അനീഷ് തോമസാണ് ടീം മാനേജര്‍. ടോമി ചെറിയാന്‍, ജാഫര്‍ഖാന്‍, കെ സുരേന്ദ്രന്‍, അനീഷ് തോമസ്, വര്‍ഗീസ് വൈദ്യന്‍, എ മുരളീധരന്‍, റോയി സ്‌കറിയ, സഫിയ, മിനികുമാരി എന്നിവരാണ് പരിശീലകര്‍.
രണ്ടംഗ മെഡിക്കല്‍ സംഘവും പ്രത്യേക പാചകക്കാരും ടീമിനെ അനുഗമിക്കുന്നുണ്ട്. ചാംപ്യന്‍ഷിപ്പിനായി ടീം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങിയിട്ടും ടിക്കറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. യാത്രയ്ക്കുള്ള ടിക്കറ്റ് ഇതുവരെ ഉറപ്പായിട്ടില്ല. സര്‍ക്കാരിനെയും എം.പിമാരെയും ടീം അധികൃതര്‍ സമീപിച്ചിരുന്നു.
പ്രത്യേക കോച്ച് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രാവിലെ ബര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടീം. ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ മുന്‍കാലങ്ങളിലേതു പോലെ കേരള ടീമിനു ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ദുരിത യാത്ര നടത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."