കിം ജോങ് ഉന്നിന്റെ സഹോദരന്റെ കൊലപാതകം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
സിയോള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. 25കാരിയായ സീതീ ആയിഷ, ഇവരുടെ കാമുകന് 26കാരനായ മുഹമ്മദ് ഫരീദ് ബിന്‍ ജലാലുദ്ദീന്‍ എന്നിവരെയാണ് റോയല്‍ മലേഷ്യാ പൊലിസ് പിടികൂടിയത്. ഫരീദ് മലേഷ്യന്‍ പൗരനാണ്. 28കാരിയായ വിയറ്റ്നാം സ്വദേശിനി ദൊയാന്‍ തി ഹോങ്ങിനെ കഴിഞ്ഞദിവസം മലേഷ്യന്‍ പൊലിസ് പിടികൂടിയിരുന്നു.
രണ്ടു സ്ത്രീകള്‍ വിഷം കുത്തിവച്ചശേഷം ടാക്സിയില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം നാം ഉപയോഗിച്ച പാസ്പോര്ട്ടില് വേറെ പേരാണുണ്ടായിരുന്നത്. ഇതാണ് തിരിച്ചറിയാന്‍ വൈകിയത്.
അതിനിടെ, ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ മരിച്ചത് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം തന്നെയാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മൃതദേഹം നാമിന്റേതു തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ഇന്റലിജന്‍സ് വൃത്തങ്ങളാണ് നാമിന് വിഷം കുത്തിവച്ചതെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."