നെതന്യാഹുവിന് ട്രംപിന്റെ ഉറപ്പ്; 'ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ല'
വാഷിങ്ടണ്‍: ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് നെതന്യാഹുവുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്.
ലോകരാജ്യങ്ങളുമായി ഇറാന് ഏര്‍പ്പെട്ട ആണവകരാറുകള്‍ വൃത്തികെട്ടതാണ്. ഇസ്റാഈല്‍ നേരിടുന്ന സുരക്ഷാഭീഷണികള്‍ വലുതാണ്. ഇറാന്റെ ആണവായുധ താല്പര്യങ്ങള് അതില്‍ പ്രധാന ഘടകമാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.
അമേരിക്ക നേരത്തേതന്നെ ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവായുധം വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങളെ ശക്തമായി തടയും. ഭീകരവാദവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയും ഇസ്റാഈലും തമ്മിലുള്ള സഹകരണത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്-ട്രംപ് പറഞ്ഞു. ഇസ്റാഈല്‍ കുടിയേറ്റത്തിനെതിരേയുള്ള യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തെയും ട്രംപ് വിമര്‍ശിച്ചു.
ഇസ്റാഈലിനെതിരേയുള്ള പക്ഷപാതപരമായ നടപടികള്‍ അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്, ഇസ്ലാമിക തീവ്രവാദം എന്നിവയ്ക്കെതിരേയുള്ള ട്രംപിന്റെ നിലപാട് അഭിന്ദനാര്ഹമാണെന്ന് നെതന്യാഹു പറഞ്ഞു.
2015ല്‍ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുമായി ഇറാന് ഏര്‍പ്പെട്ട ആണവകരാറിനെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."