ടൂറിസം വികസനം: പുതിയ കലക്ടറില്‍ പ്രതീക്ഷകളേറെ
കോഴിക്കോട്: പുതിയ കലക്ടറായി സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിരുന്ന യു.വി ജോസ് കോഴിക്കോട്ടെത്തുമ്പോള്‍ ജില്ലയുടെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുമെന്നു കണക്കുകൂട്ടല്‍. എല്ലാ ജില്ലകളിലും ടൂറിസം പോയന്റുകള്‍ കണ്ടെത്തി വികസനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് ഈ മേഖലയില്‍ നൈപുണ്യം തെളിയിച്ച ഉദ്യോഗസ്ഥനായതാണ് കോഴിക്കോട്ടുകാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നത്. അടിസ്ഥാന വികസന മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലൂടെ ജില്ലയിലെ ടൂറിസം മേഖല വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ പി.സി അബ്ദുറഷീദ് ചൂണ്ടിക്കാട്ടി.
ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ജില്ല ഏറെ പിന്നിലാണ്. കോഴിക്കോട് ഡി.ടി.പി.സി ഓഫിസിന്റെ സ്ഥിതി പരിതാപകരമാണ്. ഏത് നിമിഷവും വീഴാറായ കെട്ടിടം, സ്ഥിരം ഉദ്യോഗസ്ഥന്മാരില്ല. ജില്ലക്ക് സൗകര്യപ്രദമായ ഒരു ഓഫിസാണ് ആദ്യം വേണ്ടത്. സൗത്ത് ബീച്ച് ടൂറിസം ഡെവലപ്‌മെന്റ്, ഗസ്റ്റ് ഹൗസ് അഡീഷനല്‍ ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍, അരിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി ഫെസിലിറ്റേഷന്‍ സെന്റര്‍, കാപ്പാട് റിപ്പയര്‍ വര്‍ക്ക്, സരോവരം റിപ്പയര്‍ വര്‍ക്ക്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ കണയങ്കോട് എന്നിവയുടെ പ്രവൃത്തി എത്രയും പെട്ടെന്നു തീര്‍ക്കേണ്ടതുണ്ട്.
ജില്ലയിലെ ടൂറിസം വികസനത്തിന് കെ.ഐ.ഐ.എഫ്.ബി യുടെ സാമ്പത്തിക സഹായത്തോടെ സമര്‍പ്പിച്ച പദ്ധതികളായ കപ്പാട് കോസ്റ്റല്‍ ടൂറിസം സര്‍ക്യൂട്ടിന് അനുമതി ലഭിക്കണം. കാപ്പാട്, തിക്കോടി, കടലൂര്‍, തുവപ്പാറ ബീച്ച്, പാറപ്പള്ളി, പൊയില്‍കാവ് ദേവി ടെമ്പിള്‍, പിഷാരിക്കാവ് ക്ഷേത്രം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയാണിത്. തുഷാരഗിരി ടൂറിസം സര്‍ക്യൂട്ടില്‍ അടിവാരംപുല്‍മേട്, മുക്കം, ഒടുങ്ങാക്കാട് മഖാം, കക്കാട്, പുലിക്കയം, പതങ്കയം, കാലന്‍പാറ, ഉടുമ്പുപാറ എന്നീ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനും ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. കണയങ്കോട്, വയലട, ചുരത്തോട്, ബാലുശ്ശേരി ഉള്‍പ്പെടുത്തിയുളള ബാലുശ്ശേരി ടൂറിസം സര്‍ക്യൂട്ടിനും കടലുണ്ടി, കടലുണ്ടി കടവ്, ചാലിയം, ബേപ്പൂര്‍ ഫറോക്ക് എന്നിവയെ യോജിപ്പിച്ചുള്ള കടലുണ്ടി ടൂറിസം സര്‍ക്യൂട്ടിനും എത്രയും പെട്ടെന്നു സര്‍ക്കാരില്‍നിന്നു അംഗീകാരം ലഭിക്കേണ്ടതും ജില്ലയുടെ ടൂറിസം വികസനത്തില്‍ നിര്‍ണായകമാണ്. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള ഒരു സിവില്‍ എന്‍ജിനിയര്‍കൂടിയായ കലക്ടര്‍ക്കു ഇതിനെല്ലാം നേതൃത്വം നല്‍കാനാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വയനാട് ജില്ലക്കാരനായ യു.വി ജോസ് ജില്ലയില്‍ ഓരോ പ്രദേശത്തെപ്പറ്റിയും വ്യക്തമായ ധാരണയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ സമഗ്ര വികസനത്തിന് അദ്ദേഹത്തിനു മുന്നിട്ടിറങ്ങാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."