പുതിയ ബസുകള്‍ നിരത്തിലിറങ്ങില്ല
കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്‍.ടി.സിയുടെ റീജ്യനല്‍ വര്‍ക്‌ഷോപ്പില്‍ നിര്‍മിച്ച പുതിയ ബസുകള്‍ നിരത്തിലിറക്കാനാവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മലിനീകരണമുണ്ടാക്കുന്ന ബി.എസ് ത്രീ എഞ്ചിനുള്ള ബസുകള്‍ക്കു അനുമതി നല്‍കാനാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം മലിനീകരണ നിയന്ത്രണമുള്ള ബി.എസ് ഫോര്‍ വാഹനങ്ങള്‍ക്കു മാത്രമേ നിലവില്‍ അനുമതി നല്‍കാന്‍ കഴിയുകയുള്ളു.
ബോഡി നിര്‍മിക്കാന്‍ ലൈസന്‍സുള്ള എഎസ് 52 കാറ്റഗറിയില്‍ വരുന്ന ബോഡി നിര്‍മാതാക്കള്‍ പണിത വാഹനത്തിനു മാത്രമേ അനുമതി നല്‍കാനാവുകയുള്ളൂവെന്നും അനുമതിക്കായി കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്ന ബസുകളൊന്നും ഈ രണ്ടു മാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മിച്ചതല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോടു പറഞ്ഞു.
25 പുതിയ ബസുകളാണ് റോഡിലിറക്കാനായി കെ.എസ്.ആര്‍.ടി.സി നടക്കാവിലെ റീജനല്‍ വര്‍ക്‌ഷോപ്പില്‍ ഒരുക്കുന്നത്. ഇതില്‍ 11 ബസിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 14 ബസുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
പണി പൂര്‍ത്തിയായ ഏതാനും ബസുകള്‍ ആര്‍.ടി.ഒ ഓഫിസില്‍ പെര്‍മിഷനായി എത്തിയപ്പോഴാണ് അനുമതി ലഭിക്കില്ലെന്ന വിവരം അറിയുന്നത്. ഡിസംബര്‍ 31 ശേഷം ബി.എസ്. ത്രീ ബസുകള്‍ക്കു അനുമതി നല്‍കാനാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.
ജനുവരി മുതല്‍ ബി.എസ് ഫോര്‍ എഞ്ചിനുള്ള വാഹനങ്ങള്‍ക്കു മാത്രമേ അനുമതി നല്‍കുന്നുള്ളൂ. കെ.എസ്.ആര്‍.ടി.സി നിര്‍മിച്ച 25 ബസുകളും സാങ്കേതികമായി ഈ കാറ്റഗറിയിലേക്കു മാറ്റാനാവില്ല.
ബി.എസ് ത്രീ അനുസരിച്ചുള്ള ബോഡിയുമാണ് നിര്‍മിച്ചത്. പുതിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാന സര്‍ക്കാരിനു പ്രത്യേക ഉത്തരവിറക്കി അനുമതി നല്‍കാനുമാവില്ല. നേരത്തെ നിര്‍മിച്ചു പോയതിനാല്‍ പെര്‍മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുക മാത്രമേ ഇനി വഴിയുള്ളു. കേന്ദ്രസര്‍ക്കാരില്‍ നിന്നു പ്രത്യേക അനുമതി ലഭിക്കാനുമിടയില്ലെന്നാണ് അറിയുന്നത്. കോടതി കനിഞ്ഞില്ലെങ്കില്‍ കോഴിക്കോട് റീജ്യനല്‍ വര്‍ക്‌ഷോപ്പിനു മാത്രം അഞ്ചു കോടിയുടെ നഷ്ടം ബസ് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാവും. ബസുകള്‍ റോഡിലിറക്കാന്‍ കഴിയാത്തതു കാരണം ദിനേന ഇതില്‍ നിന്നു ലഭിക്കേണ്ട വരുമാനവും കെ.എസ്.ആര്‍.ടി.സിക്കു നഷ്ടമാവുകയാണ്.
നിലവില്‍ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ നല്‍കാന്‍ തന്നെ പണമില്ലാതെ പ്രയാസപ്പെടുമ്പോള്‍ കോടികള്‍ മുടക്കി നിര്‍മിച്ച ബസുകള്‍ റോഡിലിറക്കാനാവാത്തത് കോര്‍പറേഷനു ഇരുട്ടടിയായിരിക്കുകയാണ്.
തിരുവനന്തപുരം സെന്ററിലും എടപ്പാള്‍, മാവേലിക്കര, ആലുവ എന്നീ സെന്ററുകളിലും ഇതേ അവസ്ഥയില്‍ അനുമതി ലഭിക്കാതെ നിരവധി ബസുകള്‍ കട്ടപ്പുറത്തുണ്ട്. ഇതുവഴി കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കു സംസ്ഥാന തലത്തില്‍ ഉണ്ടായിരിക്കുന്നത്. റീജ്യനല്‍ ഡിപ്പോകള്‍ ബോഡി നിര്‍മിക്കാന്‍ അനുമതിയുള്ള എഎസ് 52 കാറ്റഗറിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതിനു പരിഹാരം കാണുന്നതുവരെ സംസ്ഥാനത്തെ ആറു വര്‍ക്‌ഷോപ്പില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കും മോട്ടാര്‍ വാഹന വകുപ്പിന് അനുമതി നല്‍കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."