മരണത്തിന്റെ ഗന്ധം
ചിറകുകള്‍ക്കടിയില്‍
മരണത്തിന്റെ ഗന്ധം പേറി
ആകാശത്ത് വട്ടമിട്ടു പറന്നൊരു
കഴുകന്‍, കടല്‍വെള്ളം കുടിച്ചു
കരയിലാഞ്ഞു തുപ്പി.
കോരിച്ചോരിഞ്ഞെങ്ങു
മാര്‍ത്താഞ്ഞലച്ചാ വര്‍ഷത്തില്‍
താരാട്ടിന്റെ ഈണങ്ങള്‍ കടലെടുത്തു.
ആര്‍ത്തിരമ്പിയ
നിലവിളികള്‍ക്കിടയില്‍
ഉമ്മറത്തെ പിറുപിറുക്കലുകള്‍
ഒലിച്ചുപോയി.
അടിച്ചു കയറിയ വെള്ളപ്പാച്ചിലില്‍
മുറ്റത്തോര്‍മകള്‍ വിതറിയ
മണ്ണ് നനഞ്ഞു,
വീശിപ്പറത്തിയ കടല്‍ക്കാറ്റില്‍
കിനാവുകള്‍ ചിതറിയ
കണ്ണ് നിറഞ്ഞു.
അപഥസഞ്ചാരിയായ്
സംഭ്രമച്ചുഴികള്‍
നീട്ടിപ്പുളച്ചുപാഞ്ഞപ്പോള്‍
വലക്കണ്ണികളിലൂടൂര്‍ന്നു പോയത്
വ്യഥകളാല്‍ കുതിര്‍ന്ന
പ്രതീക്ഷകള്‍.
തിരക്കൈകളേറി ദൂരെ
പോയവര്‍ക്കായി
ദൂരക്കാഴ്ച മങ്ങിയ ചില
കാത്തിരിപ്പുകള്‍ക്കുമേല്‍
കാര്‍മേഘങ്ങള്‍ മൂടി
മണ്ണു കുഴഞ്ഞ
ചോറുരുളകളുപേക്ഷിച്ച
ബലിക്കാക്കകള്‍
തക്കം പാര്‍ത്തിനിയും
കള്ളക്കണ്ണെറിഞ്ഞു
വട്ടമിട്ടു പറക്കുന്നുണ്ടെന്തിനോ
ആഴിപ്പരപ്പില്‍നിന്നിനിയും
മടങ്ങാതെയവിടെയൊടുങ്ങിയവര്‍!
അവസാനനിമിഷത്തില-
വസാനശ്വാസത്തില്‍
പച്ചപ്പരപ്പിന്റെ ഗന്ധം
തേടിയിട്ടുണ്ടാകുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."