മോഹപ്പിച്ചിലേക്കൊരു കൊച്ചുതാരം
ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ തുടങ്ങിയ ചുരുക്കം പേരുകളിലേക്ക് കേരളത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ ഒതുങ്ങുകയില്ലെന്ന പ്രഖ്യാപനമായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ബാലുശ്ശേരിയില്‍നിന്നു വന്ന വാര്‍ത്ത. വേഗവും കൃത്യതയും കരുത്തും വൈഭവവും ഒട്ടും പിറകിലല്ലാതെ പണത്തിന്റെ സ്വാധീനവും കൈടക്കി വാഴുന്ന ക്രിക്കറ്റിന്റെ വലിയ പിച്ചിലേക്ക് വട്ടോളിയെന്ന ചെറിയ ഗ്രാമത്തില്‍നിന്ന് എട്ടാം ക്ലാസുകാരന്‍ പുതിയപുരയില്‍ നസല്‍ വിജയകരമായി കാലെടുത്തു വച്ചതിനെപ്പറ്റിയുള്ള വാര്‍ത്തയായിരുന്നു അത്.
നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നസലിനെ കഴിഞ്ഞയാഴ്ചയാണ് അണ്ടര്‍ 14 ഇന്ത്യന്‍ സ്‌കൂള്‍ ടീമിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. ഇടംകൈ കൊണ്ട് പന്തിലും ബാറ്റിലും ഒരുപോലെ മായാജാലങ്ങള്‍ കാട്ടി നാട്ടിന്‍പുറങ്ങളിലെ മൈതാനങ്ങളില്‍നിന്ന് സ്‌കൂള്‍ മൈതാനത്തേക്കും പ്രൊഫഷനല്‍ ടൂര്‍ണമെന്റുകളിലേക്കും കുതിച്ച ഈ കുഞ്ഞുകായിക താരത്തിന്റെ വിജയവഴിയിലേക്ക് ഒരെത്തിനോട്ടം നടത്തിനോക്കാം.
ചോയിച്ചേട്ടന്‍ തന്ന ക്രിക്കറ്റ് ബാറ്റ്
ചെറിയ പ്രായത്തില്‍ നസലിന്റെ തലയില്‍ കയറിയ ക്രിക്കറ്റ് സ്വപ്നങ്ങള്‍ ആദ്യം പൂവണിയിച്ചത് തേങ്ങ വലിക്കാനെത്തിയിരുന്ന ചോയിച്ചേട്ടന്‍. ബാറ്റുണ്ടാക്കാനായി പച്ചോല വെട്ടിയിടാന്‍ പറഞ്ഞാല്‍ ചോയിച്ചേട്ടന്‍ നസലിനെ നിരാശനാക്കിയിരുന്നില്ല. അടുത്തത് ഉപ്പയുടെ ഊഴമായിരുന്നു.
അടുത്തെത്തി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാന്‍ പറയും. ബാറ്റ് കൈയില്‍ കിട്ടിയാല്‍ നസലിന്റെ അടുത്ത ആവശ്യം ബോളാണ്. കടയില്‍നിന്ന് ബോള്‍ ഐസ്‌ക്രീം വാങ്ങുന്നത് വരെ ഉപ്പയുടെ പിന്നാലെ കൂടും. അതും ലഭിച്ചുകഴിഞ്ഞാല്‍ ധോണിയെയും കോഹ്്‌ലിയെയും മനസില്‍ കണ്ട് കളിയുടെ ദിവസങ്ങളാണു പിന്നീട്.
പ്രൊഫഷനല്‍ ക്രിക്കറ്റര്‍ മോഹം
മകന്റെ അഭിരുചി തിരിച്ചറിഞ്ഞ വീട്ടുകാര്‍ വടകരയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനായി അയച്ചു. അങ്ങനെ ആറാംതരം വരെ ഓലമടല്‍ ബാറ്റേന്തിയ നസലിന്റെ കൈയിലേക്ക് പ്രൊഫഷനല്‍ ക്രിക്കറ്റ് ബാറ്റ് എത്തി. കെ.ആര്‍ ശ്രീനിവാസനാണ് അക്കാദമിയിലെ പരിശീലകന്‍. സ്‌കൂള്‍ അവധി ദിനങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ശ്രീനിവാസനു കീഴില്‍ നസല്‍ പരിശീലിച്ചു. വേനലവധിക്കാലത്തും കേരള ക്രിക്കറ്റ് അക്കാദമിയില്‍ അഡ്മിഷന്‍ ലഭിക്കണമെന്ന ഒരൊറ്റ മോഹവുമായി നസല്‍ പരിശീലിച്ചു.
രണ്ടു വര്‍ഷത്തെ കഠിനപരിശീലനത്തിനു ശേഷം നസലിന് ആലപ്പുഴ കേരള ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. പക്ഷെ വീട്ടുകാര്‍ സമ്മതം മൂളാത്തതിനാല്‍ ആ സ്വപ്നം ഉപേക്ഷിച്ചു. അങ്ങനെ എട്ടാം ക്ലാസിലേക്കു വീടിനടുത്തുള്ള നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേടി. പക്ഷെ അവധിക്കാലത്തെ ക്രിക്കറ്റ് പരിശീലനം നസല്‍ അവസാനിപ്പിച്ചില്ലായിരുന്നു. പരിശീലനകേന്ദ്രത്തില്‍നിന്നും വീട്ടില്‍നിന്നും ലഭിച്ച പിന്തുണ നസലിനെ ഒരു പ്രൊഫഷനല്‍ സ്പിന്‍ ബൗളറാക്കി. സ്പിന്‍ ബൗളറെന്ന നിലയിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരേസമയം തിളങ്ങി നിന്നു.
ഇടത് കൈയിലെത്തിയ ഭാഗ്യം
ചെറുപ്പത്തിലേ വലതുകൈ വശമില്ലാത്തതാണ് നസലിന്റെ ഭാഗ്യം തെളിയാനുണ്ടായ മറ്റൊരു കാരണം. പേന പിടിക്കുന്നതും ബാറ്റ് പിടിക്കുന്നതും പന്തെറിയുന്നതെല്ലാം ഇടതുകൈ കൊണ്ടാണ്. കേരള ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള സെലക്ഷന്‍ സമയത്താണ് ഈ ഇടംകൈയന്‍ സ്പിന്‍ ബൗളറെ പ്രമുഖ ക്രിക്കറ്റ് പരിശീലകനും സ്‌കൂള്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ബി സുനില്‍കുമാറിന്റെ കണ്ണിലുടക്കിയത്. അങ്ങനെ ഇന്ത്യ അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാംപിലേക്ക് നസലിനു ക്ഷണം കിട്ടി. ക്യാംപില്‍ പങ്കെടുത്ത നസലിന് ടീമില്‍ ഇടവും ലഭിച്ചു.
വരുന്ന ജൂണ്‍ 24ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു മിടുക്കന്‍. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളടങ്ങിയ അണ്ടര്‍ 14 ദക്ഷിണേഷ്യ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഗ്രൗണ്ടിലിറങ്ങാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും നസലിനുണ്ട്.
സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റായ നസല്‍ ജില്ലാതലത്തില്‍ നീന്തലിലും ബാഡ്മിന്റണിലും മാറ്റുരച്ചിട്ടുണ്ട്. ഉപ്പ പി. റഫീഖും ഉമ്മ സനിയയും സഹോദരങ്ങളായ നിഹാല്‍, നബീല്‍, നിദാല്‍ എന്നിവരും നസലിന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്കു കൂട്ടായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."