HOME
DETAILS

ചന്തയെന്താ മോശം സ്ഥലമോ?

  
backup
February 11 2018 | 02:02 AM

chanthayao-mosham-sthalamo

ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ നിയമസഭയില്‍ പറയേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തമാശ പറഞ്ഞതല്ല, കാര്യമായിത്തന്നെ സ്വന്തം നിലപാട് വ്യക്തമാക്കിയതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിയമസഭ മഹോന്നതമായ ഒരു പൊതുഇടമാണെന്നും അവിടെ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും കൃത്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത നിലവാരം പുലര്‍ത്തുന്ന തരത്തിലേ അവിടെ സംസാരിക്കാവൂ. എന്നാല്‍ ചന്ത അങ്ങനെയല്ല, അവിടെ ഏത് തരംതാണ വര്‍ത്തമാനവും പറയാം, എന്ത് നിലവാരമില്ലായ്മയും കാണിക്കാം. അത്തരം വര്‍ത്തമാനങ്ങളൊന്നും ഇവിടെ നടപ്പില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളുടെ അര്‍ഥം. നിയമസഭയേയും ചന്തയേയും അദ്ദേഹം വ്യക്തതയോടെയും കൃത്യതയോടെയും വിഭജിച്ചുനിര്‍ത്തി. 

നിയമസഭയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരികല്പനകള്‍ ശരിയാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു തര്‍ക്കവുമില്ല. നിയമസഭ സമുന്നതമായതുകൊണ്ടാണല്ലോ നിയമസഭാ നടപടികള്‍ക്ക് പ്രത്യേക പരിഗണനകളുള്ളത്. നിയമസഭാംഗങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങളും പരിരക്ഷകളുമുള്ളത്. നിയമസഭയില്‍ നടക്കുന്നത് എന്തോ, ഏതോ ആവട്ടെ ആദരണീയമായ ഒരു പൊതുഇടമാണ് അവിടം. അതിനാല്‍ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ നടത്തിയെന്ന് പറയുന്ന വായ്പാതട്ടിപ്പിനെക്കുറിച്ചൊന്നും അവിടെ പറയേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞത്. ശരിയാണ്, നിയമസഭക്ക് അതിന്റേതായ പവിത്രതയുണ്ട്. എന്നാല്‍ ഈ പവിത്രത ഉയര്‍ത്തിക്കാണിക്കുന്നതിന് എന്തിനാണ് അദ്ദേഹം ചന്തയെ ഇടിച്ചു താഴ്ത്തിയത്? എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള തീരെ നിലവാരമില്ലാത്ത ഒരിടമാണോ ചന്ത?
മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ ചന്തകള്‍ വഹിച്ച പങ്കിനെ ചരിത്രബോധമുള്ള ഒരാള്‍ക്കും നിഷേധിക്കാനാവുകയില്ല. പ്രാകൃതത്തില്‍നിന്ന് സംസ്‌കൃതത്തിലേക്കുള്ള മനുഷ്യരാശിയുടെ വളര്‍ച്ചയിലെ വഴിത്തിരിവാണ് ചന്ത. വിപണി എക്കാലത്തും സാമൂഹ്യപുരോഗതി നിര്‍ണയിച്ച ഘടകമാണ്. നമ്മുടെ നാട്ടില്‍ അടുത്തകാലം വരെ സജീവമായിരുന്ന ഗ്രാമച്ചന്തകളെക്കുറിച്ചോര്‍ക്കുക. ഓരോ ദേശത്തിന്റേയും സംസ്‌കാരവും ജീവിത വ്യവഹാരങ്ങളും ഈ ചന്തകളെ ചുറ്റിപ്പറ്റിയാണ് നിലനിന്നത്. ചന്തകളാണ് വികസനം കൊണ്ടുവന്നത്. കലയെയും സാഹിത്യത്തെയും വളര്‍ത്തിയത്. അവ തന്നെയാണ് ടൗണ്‍ഷിപ്പുകളുണ്ടാക്കിയതും. അവയില്‍നിന്ന് മെട്രോ നഗരങ്ങളായി വളര്‍ന്നതും; പ്രവാചകരും പരിഷ്‌കര്‍ത്താക്കളും പണ്ഡിതരും ചന്തയില്‍ ചെന്നാണ് ജനങ്ങളുമായി സംവദിച്ചത്. ഗ്രാമച്ചന്തകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മാളുകള്‍ക്കും ട്രേഡ് ഫെയറുകള്‍ക്കും വഴിമാറിയെങ്കിലും അടിസ്ഥാനപരമായി ചന്തയുടെ സംസ്‌കാരത്തില്‍ നിന്നാണ് മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ച രൂപപ്പെടുന്നത്. മാര്‍ക്കറ്റ് എക്കോണമി ലോകം ഭരിക്കുന്ന ഇക്കാലത്ത് വിശേഷിച്ചും. ഷെയര്‍ മാര്‍ക്കറ്റ് എന്ന ഓഹരിച്ചന്തയല്ലേ ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. വാള്‍സ്ട്രീറ്റും ദലാല്‍സ്ട്രീറ്റും ചന്തയല്ലാതെ മറ്റെന്താണ്? പെരുന്നാളിനും ഓണത്തിനും ക്രിസ്മസിനും ചന്തകള്‍ തുറക്കാന്‍ ഓടി നടക്കുകയല്ലേ മുഖ്യമന്ത്രിയും സഹമന്ത്രിമാരും? അതിനേക്കാള്‍ ഒരുപടികൂടി കടന്ന് ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ വഴി സംസ്ഥാനത്തെതന്നെ ചന്തയാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും, ചന്ത എന്തും പറയാവുന്ന, ഏത് നിലവാരത്തിലും പെരുമാറാവുന്ന തരംതാണ ഇടമാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലായിപ്പോയി മുഖ്യമന്ത്രിയുടെ സംസാരം. അദ്ദേഹം അങ്ങനെ സംസാരിക്കരുതായിരുന്നു. നിയമസഭയുടെ മഹത്വത്തെ വാഴ്ത്താന്‍വേണ്ടി ചന്തയെ താറടിച്ചു കാട്ടരുതായിരുന്നു. അതല്ല സങ്കടം, ചന്തയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന വ്യാപാരി വ്യവസായികളെങ്കിലും ഈ പ്രയോഗത്തിന്നെതിരേ യാതൊരു പ്രതിഷേധവുമുയര്‍ത്താത്തതെന്താണ്. സ്വന്തം ചോറിനോടുപോലും കൂറില്ലേ, കാള പെറ്റെന്ന് കേട്ടാല്‍ ഉടന്‍ കയറെടുക്കുന്ന വ്യാപാരി സമൂഹത്തിന്? കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!
ചന്ത ഒരു രണ്ടാംകിട സ്ഥലമാണെന്ന ധാരണ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല ഉള്ളത്; മുഖ്യമന്ത്രി ചന്തയെ തരംതാഴ്ത്തി സംസാരിച്ചതിന്റെ തലേദിവസമാണ് സുപ്രിംകോടതി ജഡ്ജി ഡി.വൈ ചന്ദ്രചൂഡ് സമാനമായ ഒരു പദപ്രയോഗം നടത്തിയത്. കോടതി മീന്‍ മാര്‍ക്കറ്റിനേക്കാള്‍ മോശം സ്ഥലമായി മാറിയിക്കുന്നു എന്നായിരുന്നു ജഡ്ജിയദ്ദേഹത്തിന്റെ വാക്കുകള്‍. പിണറായിയുടെ അതേ മനോഭാവം തന്നെയാണ് ജസ്റ്റിസ് ചന്ദ്രചൂഡും പുലര്‍ത്തിയത്. കോടതി മഹത്തായ സ്ഥാപനമാണ്, മീന്‍ മാര്‍ക്കറ്റിന്റെ നിലവാരത്തിലുള്ള വര്‍ത്തമാനമൊന്നും അവിടെ പാടില്ല എന്ന്. ന്യായാസനങ്ങള്‍ക്ക് വരേണ്യതയും അന്തസും ബഹുമാന്യതയും ചാര്‍ത്താന്‍ മീന്‍ വില്‍പന നടത്തുന്ന സ്ഥലത്തെ അദ്ദേഹം തരംതാഴ്ത്തിക്കെട്ടി. ഇതിന്റെ ആന്തരാര്‍ഥങ്ങളിലേക്ക് കടക്കുമ്പോള്‍ കുറേക്കൂടി കടുത്ത ദുസ്സൂചനകള്‍ നമുക്ക് പിടിച്ചെടുക്കാനാവും. കോടതിയിലെ കൈകാര്യകര്‍ത്താക്കളായ ജഡ്ജിമാരും വക്കീല്‍മാരും ഉന്നത നിലവാരക്കാരും, ചന്തയില്‍ മീന്‍ വില്‍ക്കുന്ന സാധാരണക്കാര്‍ നിലവാരമില്ലാത്ത പീറപ്പരിഷകളുമാണെന്നാണ് ജഡ്ജി പറയാതെ പറഞ്ഞത്. നിയമസഭാ സാമാജികര്‍ ചന്തയിലെന്നപോലെ സംസാരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രിയും. ഇരുകൂട്ടരുടേയും സാംസ്‌കാരിക നിലവാരത്തിന് മാര്‍ക്കിടുകയായിരുന്നു മുഖ്യമന്ത്രിയും സുപ്രിംകോടതി ജഡ്ജിയും- രണ്ടുപേരും പ്രത്യേകാവകാശങ്ങളുള്ള വരേണ്യവര്‍ഗത്തിനും അന്നന്നത്തെ ആഹാരത്തിനുവേണ്ടി ചന്തകളില്‍ പാടുപെട്ടു ജീവിക്കുന്ന അധഃസ്ഥിതര്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മിച്ചു; ഉയര്‍ന്നവരും താഴ്ന്നവരുമായി അവരെ വിഭജിച്ചു. അത് എതിര്‍ക്കപ്പെടുകതന്നെ വേണം.
ഇനി നാമൊരു കാര്യം ആലോചിക്കുക- മുഖ്യമന്ത്രിയും സുപ്രിംകോടതിയും പറഞ്ഞതുപോലെയും നമ്മില്‍ പലരും കരുതുന്നതുപോലെയും ഒരു നിലവാരവും നിയന്ത്രണവുമില്ലാത്തത്ര 'കെട്ടസ്ഥല'മാണോ ചന്ത? അവിടെ ഏതുതരം വാക്കും ഉപയോഗിക്കാമോ? ചന്തയില്‍ നീതിയും സത്യവുമില്ലേ? നേരു പറഞ്ഞാല്‍ കച്ചവടസ്ഥങ്ങളിലാണ് സത്യവും നീതിയും വാക്കിന് വിലയും പെരുമാറ്റത്തിന് നിയന്ത്രണവുമൊക്കെ ഏറ്റവും കൂടുതലായി ഉള്ളത്. ഇല്ലെങ്കില്‍ കച്ചവടം നടക്കുകയില്ല; ചന്ത നിലനില്‍ക്കുകയില്ല. മനുഷ്യന്‍ സാമൂഹ്യ വളര്‍ച്ച കൈവരിക്കുകയില്ല. എന്നിട്ടും ചന്തയില്‍ പറയേണ്ട കാര്യം നിയമസഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രിയും, കോടതിയെന്താ മീന്‍ മാര്‍ക്കറ്റാണോ എന്ന് സുപ്രിംകോടതി ജഡ്ജിയും ചോദിക്കുന്നുവെങ്കില്‍, ആര്‍ക്കാണ് നിലവാരമില്ലായ്മ എന്ന് പ്രത്യേകം അന്വേഷിക്കേണ്ടതില്ല. നിയമസഭയില്‍ സാമാജികന്മാരും കോടതിമുറിയില്‍ വക്കീല്‍മാരും ജഡ്ജിമാരും കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികളെക്കുറിച്ചുകൂടി ചിന്തിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായിക്കിട്ടും.
സഖാവ് പിണറായി വിജയനേയും ജസ്റ്റിസ് ചന്ദ്രചൂഡനേയും മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൂടാ. രണ്ടുപേരും നമ്മുടെ പൊതുബോധത്തെ പിന്തുടരുക മാത്രമേ ചെയ്തിട്ടുള്ളൂ. ചന്തയെക്കുറിച്ച് നമ്മുടെ സാമാന്യധാരണ അങ്ങനെയാണ്. അതുകൊണ്ടാണല്ലോ ചന്തപ്പെണ്ണ് എന്നൊരു വാക്കുതന്നെ മലയാളത്തിലുണ്ടായത്. തറവാട്ടില്‍ പിറന്നവളുടെ വിപരീതമാണ് ചന്തപ്പെണ്ണ്. ഇതേപ്പറ്റി സാമൂഹ്യശാസ്ത്രജ്ഞയായ ജെ.ദേവിക പറയുന്നതിങ്ങനെ: 'മാന്യതയുള്ള സ്ത്രീയെ തറവാട്ടില്‍ പിറന്നവള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ മാന്യതയില്ലാത്ത സ്ത്രീയെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നു. ഈ വിളിയില്‍ പഴയ ജാതിവ്യവസ്ഥയുടെ അംശങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന് തീര്‍ച്ച. 'തറവാട്' എന്നാല്‍ പഴയ ജാത്യാഭിമാനത്തിന്റെ കേന്ദ്രമായിരുന്നുവല്ലോ. ചന്തയോ? പല ജാതിക്കാര്‍, പല മതക്കാര്‍, ആണും പെണ്ണും ഒത്തുചേരുന്ന 'ജാതിശുദ്ധം' തീരെ പാലിക്കാന്‍ പറ്റാത്ത ഇടമാണ്. അപ്പോള്‍ തറവാട്ടില്‍ ഇരിക്കുന്നവള്‍ പരിശുദ്ധയും ചന്തയില്‍ പണിയെടുക്കുന്നവള്‍ അശുദ്ധയുമായി കണക്കാക്കപ്പെട്ടത് സ്വാഭാവികം മാത്രം'. മുഖ്യമന്ത്രിയും സുപ്രീംകോടതി ജഡ്ജിയും ഈ വിചാരത്താലാണ് നയിക്കപ്പെടുന്നതെങ്കില്‍ മഹാകഷ്ടം.
അല്ലെങ്കിലും ദാരിദ്ര്യത്തിന്റേയും അധഃസ്ഥിതത്വത്തിന്റേയും മുദ്രകള്‍ പേറുന്ന മിക്ക വാക്കുകളിലും നിന്ദാ സൂചനകള്‍പതിയിരിക്കുന്നുണ്ടല്ലോ നമ്മുടെ ഭാഷയില്‍. ചെറ്റ ദരിദ്രരുടെ അടച്ചുറപ്പില്ലാത്ത വീടാണ്. 'അവനൊരു ചെറ്റ'യാണെന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം? ചെറ്റത്തരം എന്ന് പറയുന്നതില്‍ ദരിദ്രരോടുള്ള നിന്ദയുണ്ട്. കഞ്ഞി ദരിദ്രന്റേയും ചോറ് ധനികന്റേയും ആഹാരമാണ്. ആളൊരു കഞ്ഞിയാണെന്ന് പറയുന്നതിലുമുണ്ട് ദരിദ്രരോടുള്ള നിന്ദ. തറ എന്ന വാക്കിലുമുണ്ടല്ലോ താഴ്മയുടേയും നിലവാരമില്ലായ്മയുടേയും മുദ്ര. ഇങ്ങനെ പല വാക്കുകളുമുണ്ട്.
അങ്ങനെയൊരു ധാരണാ വൈകല്യം വഴി മുഖ്യമന്ത്രിയുടെ നാക്കിലേക്ക് കയറിപ്പറ്റിയ വാക്കായിരിക്കാം ചന്തഎന്ന്കരുതി നമുക്ക് തല്‍ക്കാലം സമാധാനിക്കാം. മുഖ്യമന്ത്രിയേയും സുപ്രിംകോടതി ജഡ്ജിയേയും കുറ്റവിമുക്തരാക്കുകയും ചെയ്യാം..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago