ചേനംങ്കരി മൂന്നാറ്റിന്‍മുഖം-ചാലേച്ചിറ റോഡ് നിര്‍മാണം: അടിയന്തിര നടപടി വേണമെന്ന്
ആലപ്പുഴ: നെടുമുടി ചാവറ റോഡിന്റെ ഭാഗമായ മൂന്നാറ്റിന്‍മുഖം-ചാലേച്ചിറ റോഡിന്റെ നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന മണ്ണിന്റെ നിരക്ക് വര്‍ധന നടപ്പാക്കി അടിയന്തരമായി റോഡ് നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നെടുമുടി ചാവറ റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് മങ്കൊമ്പ് പി ഡബ്ല്യു ഡി ഓഫീസിന് മുന്നില്‍ ബഹുജനമാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോഡ് നിര്‍മാണത്തിന് 25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും മണ്ണിന്റെ നിരക്ക് അപര്യാപ്തമായതിനാല്‍ ടെന്റര്‍ പിടിക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല.
കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ണിന്റെ നിരക്ക് കാലോചിതമായി പരിഷ്‌കരിക്കാത്ത പക്ഷം റോഡ് നിര്‍മാണം നീണ്ടുപോകും.നാല് മാസത്തിനുള്ള പണി ആരംഭിക്കാത്ത പക്ഷം ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ള 25 കോടി രൂപ പോലും നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും ഈ സാഹചര്യത്തിലാണ് സമരപരിപാടികളുമായി നാട്ടുകാര്‍ മുന്നോട്ടു വന്നിട്ടുള്ളതെന്നും സമിതി രക്ഷാധികാരി റവ. ഫാ. സിറിയക് വലിയപറമ്പില്‍, സെക്രട്ടറി എം എം ചാക്കോ മടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ നിര്‍മാണം നടക്കാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടുകയാണെന്നും യാതൊരു വികസന പ്രവര്‍ത്തനങ്ങളും പ്രദേശത്ത് എത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കാല്‍ നൂറ്റാണ്ടായി ഇവിടെ റോഡിനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്.കുട്ടനാട്ടിലെ മറ്റു പ്രദേശങ്ങളിലെല്ലാം ആവശ്യത്തിന് റോഡ് സൗകര്യമായെങ്കിലും ഇവിടെ മാത്രം റോഡ് എത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നത്തെ സമരം കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.രാവിലെ 10ന് നെടുമുടി ജെട്ടിയില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ ജെയിംസ് കല്ലുപാത്ര, കെ ഡി മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."