യു ട്യൂബിലൂടെ വിരിഞ്ഞ രംഗോലി വിസ്മയം
സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോകളുടെ ലൈക്കിന്റെ എണ്ണം താരതമ്യം ചെയ്തു മേനി പറയുന്നവര്‍ പയ്യന്നൂര്‍ കോളജിലെ വചനാ പ്രേംകുമാറിനെ കണ്ടു പഠിക്കണം. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും സെല്‍ഫികള്‍ അയച്ചും ലൈക്കുകള്‍ എണ്ണിയും സമയം കളയുന്നതിനു പകരം ഈ പെണ്‍കുട്ടി സമൂഹ മാധ്യമത്തെ ഉപയോഗിച്ചത് തന്റെ സര്‍ഗവാസനയെ പരിപോഷിപ്പിക്കാനാണ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ ഇടയിലും പ്രചാരത്തിലുള്ള രംഗോലിയെ പഴയങ്ങാടി ഏഴോം സ്വദേശിയായ ഈ പെണ്‍കുട്ടി പരിചയപ്പെടുന്നത് ഡിഗ്രി ആദ്യ വര്‍ഷത്തോടെയാണ്. നിറങ്ങള്‍ കൊണ്ട് നിലത്തു തീര്‍ക്കുന്ന ഈ കല ആദ്യം വിസ്മയിപ്പിച്ചു. അങ്ങനെ ഈ കലാ രൂപം പഠിക്കണം എന്ന മോഹം കലശലായി. ഗുരുസ്ഥാനിയനായി പഠിപ്പിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ യു ട്യൂബിലൂടെ രംഗോലിയുടെ ബാല പാഠങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് വീടിന്റെ തറയില്‍ കോലങ്ങള്‍ വരക്കാന്‍ തുടങ്ങിയപ്പോള്‍ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായ അച്ഛന്‍ പ്രേംകുമാറും അമ്മ പുഷ്പയും മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചു. ദിവസേന ജോലി കഴിഞ്ഞെത്തുമ്പോള്‍ വ്യത്യസ്ത നിറങ്ങളിലുള്ള പൊടികള്‍ കൊണ്ടുവന്നു തന്ന അച്ഛനാണ് ഈ വിജയം സമര്‍പ്പിക്കുന്നതെന്നു വചന പറയുന്നു. പയ്യന്നൂര്‍ കോളജില്‍ ബി.എ എക്കണോമിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ വചന കഴിഞ്ഞ തവണ ഇതേ ഇനത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു
ശ്രേയ ചിത്രപ്രതിഭ
വരകളുടെയും വര്‍ണങ്ങളുടെയും പ്രതിഭപട്ടം ശ്രേയാ ഹരീന്ദ്രന്. കണ്ണൂര്‍ എസ്.എന്‍ കോളജ് വിദ്യാര്‍ഥിനിയാണ് ഈ ചിത്രപ്രതിഭ. എണ്ണച്ഛായം, കൊളാഷ് എന്നിവയില്‍ ഒന്നാം സ്ഥാനവും ജലച്ഛായത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശ്രേയ ചിത്രപ്രതിഭയായത്.
ജിനാന്‍ അഷ്‌റഫ് സാഹിത്യ പ്രതിഭ
കലോത്സവത്തിലെ സാഹിത്യ പ്രതിഭ പട്ടം 32 പോയിന്റുകളോടെ പാലയാട് കാംപസിലെ എം.എ ഇംഗ്ലിഷ് വിദ്യാര്‍ഥിനി ജിനാന്‍ അഷ്‌റഫിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജിനാന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സിനിമാ നിരൂപണം (ഇംഗ്ലിഷ്), തിരക്കഥാരചന കഥാചിത്രം (ഇംഗ്ലിഷ്), തിരക്കഥാരചന ഡോക്യുമെന്ററി (ഇംഗ്ലിഷ്), ചെറുകഥാ രചന (ഇംഗ്ലിഷ്) എന്നീ ഇനങ്ങളിലായിരുന്നു ഈ മിടുക്കി മത്സരിച്ചിരുന്നത്. നാലിലും ജിനാനു തന്നെയാണ് ഒന്നാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."