കുടുംബശ്രീയുടെ തെരുവുനായ നിയന്ത്രണ പദ്ധതി ലക്ഷ്യം കാണാതെ പോകുന്നു
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി ലക്ഷ്യം കാണാതെ പോകുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ തുടക്കമിട്ട് മറ്റു ജില്ലകളിലേക്ക് വ്യാപിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി കോട്ടയത്ത് മാത്രമാണ് പേരിനു പ്രവര്‍ത്തിക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിക്കാന്‍ കുടംബശ്രീക്ക് ആയിരം രൂപ വരെ നല്‍കി പദ്ധതി നടപ്പിലാക്കിയിട്ടും ലക്ഷ്യം കാണാനായിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മതിയായ അവബോധവും പരിശീലനവും നല്‍കാന്‍ കഴിയാത്തതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം. കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഡിസംബര്‍ വരെ 1623 നായകളെ ഇതുവഴി പിടികൂടിയതൊഴിച്ചാല്‍ ശേഷിക്കുന്നിടത്തെല്ലാം പദ്ധതി പാളുകയായിരുന്നു.
കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ അനിമല്‍ ബെര്‍ത്ത്കണ്‍ട്രോള്‍(എ.ബി.സി)പദ്ധതിയുമായി രംഗത്തെത്തിയത്. 2016 സെപ്റ്റംറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് എ.ബി.സി ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റുകള്‍ കുടുംശ്രീയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്നതിന്റെ മാര്‍ഗരേഖയും പ്രവര്‍ത്തന രീതിയും പുറത്തിറക്കിയത്.
ഇതിന്റെ ഭാഗമായി 2017 ജനുവരിയില്‍ കുടുംശ്രീ എ.ബി.സി ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റുകള്‍ സ്ഥാപിക്കുകയും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കുടുംബശ്രീ വനിതകള്‍ക്ക് വരുമാനമാര്‍ഗം ഉറപ്പിക്കുക എന്നതുകൂടി പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നു. സംസ്ഥാനത്താകെ 80 യൂണിറ്റുകളാണ് ഇതിനായി തുടങ്ങിയത്. യൂണിറ്റുകള്‍ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 രൂപ കുടുംബശ്രീ നല്‍കിയിരുന്നു. നായ്ക്കളെ പിടിക്കുക, ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമ്പോള്‍ സഹായം നല്‍കുക, തിരികെ കൊണ്ടുപോയി വിടുക എന്നിവയാണ് ഓരോ യൂണിറ്റ് അംഗവും വഹിക്കേണ്ടത്. കായിക അധ്വാനം കൂടുതലുള്ളതിനാല്‍ സ്ത്രീകള്‍ തന്നെ ഇതില്‍ നിന്നും ആദ്യം പിന്തിരിഞ്ഞു.
പിന്നീട് കുടംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ ഭര്‍ത്താവ്, പിതാവ് തുടങ്ങി പുരുഷന്മാരെ ഉള്‍പ്പെടുത്തി സ്‌പെഷല്‍ സൂക്ഷ്മ സംരംഭ യൂണിറ്റായി എ.ബി.സി യൂണിറ്റ് രൂപീകരിച്ചു. എന്നാല്‍ നാലു യൂണിറ്റുകളില്‍ 25 പേര്‍ക്ക് മാത്രമാണ് പരിശീലനം നേടാനായത്.
പുരുഷന്മാര്‍ മാത്രമുളള യൂണിറ്റുകള്‍ തന്നെ ആദ്യത്തില്‍ മുന്നേറിയെങ്കിലും നായയെ പിടികൂടിയതിന് ശേഷം ശസ്ത്രക്രിയ നടത്തുമ്പോഴും സഹായിക്കേണ്ടിവരുമെന്നതിനാല്‍ ഇവര്‍ പിന്മാറുകയായിരുന്നു. പുലര്‍ച്ചെ 2 മണി മുതല്‍ 4 മണിവരെയുള്ള സമയത്താണ് നായകളെ കൂടുതലായും പിടികൂടാന്‍ കഴിയുക. പിടിച്ച ദിവസത്തിന് ഒരു ദിവസം കഴിഞ്ഞാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്. അതിന് ശേഷം നാല് ദിവസം മരുന്നും മറ്റും നല്‍കി പരിപാലിച്ച ശേഷം തിരികെ പിടിച്ച സ്ഥലത്തേക്ക് തന്നെ കൊണ്ടുപോയിവിടണം. എന്നാല്‍ മാത്രമേ തുക അനുവദിച്ചു കിട്ടുകയുളളൂ. അധ്വാനം കൂടിയതും നെരുവുനായകളില്‍ നിന്നുളള ആക്രമണവും ഭയന്നതോടെയാണ് യൂണിറ്റുകള്‍ പിന്‍വലിഞ്ഞത്.
ഒരു നായയെ വന്ധീകരിച്ചാല്‍ 2100 രൂപ വീതം നല്‍കുന്നുണ്ട്. ഇതില്‍ 1000 രൂപ കുടുംബശ്രീ യൂണിറ്റിനാണ്. ശേഷിക്കുന്ന തുകയില്‍ ഡോക്ടര്‍ക്ക് 400, മരുന്നിന് 500 രൂപയും വാഹനസൗകര്യത്തിനായി 200 രൂപയും ലഭിക്കും. എത്ര നായയെ പിടിച്ചു എന്നതിന്റെ കണക്ക് ബില്ലടക്കം മാസം തോറും സമര്‍പ്പിച്ചാല്‍ മാത്രമേ പണം ലഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."