മലയോര റബര്‍ എസ്റ്റേറ്റുകളില്‍ സാമൂഹികവിരുദ്ധര്‍ തീയിട്ടു
കരുവാരക്കുണ്ട്: വേനല്‍ കടുത്തതോടെ മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന തീ പിടുത്തത്തില്‍ ആശങ്കയോടെ കര്‍ഷകര്‍. കഴിഞ്ഞദിവസം രാത്രിയില്‍ കല്‍കുണ്ടിനു സമീപത്തെ ആര്‍ത്തലയിലെ സി.ടി എസ്റ്റേറ്റിലാണ് പ്രദേശത്തെ നടുക്കിയ തീപിടുത്തമുണ്ടായത്.
തീപടരുന്നത് കണ്ട് ഓടി കൂടിയ കല്‍കുണ്ട് നിവാസികളുടെ അവസരോചിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് തീ മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരുന്നത്. കരുവാരകുണ്ട് പൊലിസും സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടേക്കറോളം റബര്‍ തോട്ടം കത്തിനശിച്ചതായാണ് വിവരം. പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞുമോന്‍, കരുവാരകുണ്ട് ചാത്തലക്കല്‍ ഷാജി, കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോം ഉടമ ഗോപി എന്നിവരുടെ റബര്‍ തോട്ടങ്ങളിലാണ് അഗ്നിബാധയുണ്ടായത്.
കേരളാ എസ്റ്റേറ്റ് ഭാഗത്തുനിന്നാണ് തീ പടര്‍ന്നെത്തിയതെന്നാണ് നിഗമനം.
ടാപ്പിങ് നടത്തി കൊണ്ടിരുന്ന ആയിരക്കണക്കിന് മരങ്ങളാണ് അഗ്നിബാധയില്‍ നശിച്ചത്. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അധ്വാനഫലമാണ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീ വിഴുങ്ങുന്നത്. പ്രദേശത്ത് തീപിടുത്തം ഒറ്റപ്പെട്ട സംഭവമല്ല. തീപിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ വിരുദ്ധരാണന്നാണ് കര്‍ഷകര്‍ പറയുന്നത്. താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്റെ പറയന്‍ മേട്ടിലെ റബര്‍ എസ്റ്റേറ്റില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തീപിടുത്തമുണ്ടായത്. നിലമ്പൂര്‍ താലൂക്കില്‍ ഒരു മാസത്തിനുള്ളില്‍ നൂറുകണക്കിനേക്കര്‍ കൃഷിയിടങ്ങളാണ് കത്തിനശിച്ചത്.
ആര്‍ത്തല മലവാരം കേന്ദ്രീകരിച്ച് ചൂതാട്ട സംഘത്തിന്റെ പ്രവര്‍ത്തനവും അനധികൃത മദ്യലോബിയുടെ പ്രവര്‍ത്തനവും ശക്തമായി വരുന്നതായും ആക്ഷേപമുണ്ട്. കൃഷിയിടങ്ങളിലുണ്ടാകുന്ന തീ പിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നും അഗ്നിബാധയില്‍ നശിക്കുന്ന വിളകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലതാമസമൊഴിവാക്കി കൃഷി വകുപ്പ് നല്‍കണമെന്നാവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."