വീട്ട് നമ്പര്‍ ലഭിച്ചിട്ടും വൃദ്ധ ദമ്പതികള്‍ക്ക് കെ.എസ്.ഇ.ബി വൈദ്യുതി നല്‍കുന്നില്ല
വാടാനപ്പള്ളി: ഗ്രാമ പഞ്ചായത്ത് വീട്ട് നമ്പര്‍ നല്‍കിയിട്ടും വൈദ്യുതി നല്‍കാന്‍ മടിച്ച് കെ.എസ്.ഇ.ബി. തളിക്കുളം സ്വദേശിയായ തങ്കപ്പനാണ് ഈ ദുരവസ്ഥ. വൈദ്യുതി കണക്ഷന്‍ നല്‍കാതിരിക്കാനുള്ള നീക്കങ്ങളാണ് കെ.എസ്.ഇ.ബി തൃപ്രയാര്‍ സെക്ഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. തളിക്കുളം എട്ടാം വാര്‍ഡില്‍ പുതിയങ്ങാടി ടാഗോര്‍ നഗറിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പാണാപറമ്പില്‍ തങ്കപ്പനും ഭാര്യ ലീലയും തങ്ങളുടെ കുടിലിലേക്ക് വൈദ്യുതി അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി കെ.എസ്.ഇ.ബി ഓഫീസില്‍ കയറിയിറങ്ങുകയാണ്. ഇവരുടെ അപേക്ഷ പരിഗണിക്കാതിരിക്കാന്‍ ഇവര്‍ക്ക് വീട്ട് നമ്പര്‍ ഇല്ലെന്ന കാരണമാണ് നേരത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
പതിനാല് വര്‍ഷമായി കെട്ടിട നമ്പര്‍ നല്‍കാതിരുന്ന തളിക്കുളം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ ദിവസം താല്‍കാലിക നമ്പര്‍ അനുവദിച്ച് നല്‍കിയിരുന്നു. പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രജനിയുടെ ഇടപെടലാണ് ഇവര്‍ക്ക് വീട്ട് നമ്പര്‍ ലഭിക്കുന്നതിന് ഇടയാക്കിയത്. എന്നിട്ടും നിത്യ രോഗികളായ ഈ വയോധികര്‍ക്ക് വൈദ്യുതി നല്‍കാതിരിക്കാനാണ് ശ്രമം. ഇവരുടെ അപേക്ഷ തൃശൂര്‍ എ.ഡി.എമ്മിന് കൈമാറിയിട്ടുണ്ടന്നും എ.ഡി.എമ്മിന്റെ തീരുമാനം ഇല്ലാതെ വൈദ്യുതി നല്‍കാന്‍ കഴിയില്ലന്നുമാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് വീട്ട് നമ്പര്‍ നല്‍കിയാല്‍ ഉടനെ തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേരത്തെയുള്ള നിലപാടെന്നും വീട്ട് നമ്പര്‍ കിട്ടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റുകയാണ് ചെയ്തതെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇവര്‍ താമസിക്കുന്ന ഓല വീടിനോട് ചേര്‍ന്ന് ചുമര്‍ കെട്ടി ഇലക്ട്രിക്കല്‍ വയറിംഗ് നടത്തി അഞ്ച് മാസം കാത്തിരുന്നിട്ടും വൈദ്യുതി നല്‍കുന്നതില്‍ കെ.എസ്.ഇ.ബി മനപ്പൂര്‍വം താമസം വരുത്തുകയായിരുന്നു.
വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ ഇടുന്നതിനുള്ള കുഴികള്‍ കുഴിക്കുന്ന താല്‍ക്കാലിക ജോലിയാണ് തങ്കപ്പന്. എന്നാല്‍ കിഡ്‌നിയില്‍ ക്യാന്‍സര്‍ ബാധിച്ച തങ്കപ്പന് ഇപ്പോള്‍ എല്ലാദിവസവും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. എല്ലാ മാസവും മെഡിക്കല്‍ കോളജിലെത്തി ചെക്കപ്പ് നടത്തുകയും ചികിത്സ തുടരുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെക്കപ്പ് നടത്തിയിട്ട് മാസങ്ങളായി. ഹൃദ് രോഗിയായ ലീല കവലകള്‍ തോറും നടന്ന് ലോട്ടറിവിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരുടെ നിത്യ ചിലവ് കഴിഞ്ഞ് പോകുന്നത്.
തിരവനന്തപുരം സ്വദേശികളായ ഈ വയോധികര്‍ 27 വര്‍ഷം മുമ്പാണ് തളിക്കുളത്തെത്തിയത്. 13 വര്‍ഷം പത്താംകല്ലില്‍ വാടകക്ക് താമസിച്ചിരുന്ന ഇവര്‍ പതിനാല് വര്‍ഷം മുമ്പാണ് തളിക്കുളം എട്ടാം വാര്‍ഡില്‍ രണ്ട് സെന്റ് ഭൂമി സ്വന്തമായി വാങ്ങിയത്. ഭൂമിയുടെ വില സ്ഥലം ഉടമ വാങ്ങിയെങ്കിലും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ഇത് വരെ ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഈ നിത്യരോഗികള്‍ക്ക് വീട്ട് നമ്പര്‍ നിഷേധിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് തളിക്കുളത്തെ പൊതുപ്രവര്‍ത്തകരായ നൗഷാദ് തളിക്കുളവും എ.എം മെഹബൂബും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."