സഊദിയില്‍ വന്‍ തൊഴിലവസരങ്ങള്‍: ഈ വര്‍ഷം സൗരോര്‍ജ പദ്ധതിക്ക് മാത്രമായി 700 കോടി ഡോളര്‍
റിയാദ്: കടുത്ത സ്വദേശിവല്ക്കരണത്തിനടയിലും സഊദിയില്‍ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഊര്‍ജ രംഗത്ത് പുത്തന്‍ കുതിപ്പേകി വന്‍ വ്യവസായങ്ങളാണ് അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കുന്നത്. സൗരോര്‍ജ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഊര്‍ജ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കാനാണ് ഭരണകൂടം ഒരുങ്ങുന്നത്.
ഭാവിയിലേക്കുള്ള ഊര്‍ജ ഉറവിടമായി കാണുന്ന സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രത്യേക താല്പര്യമാണ്. കൂടാതെ പുതിയ ജല ശുദ്ധീകരണ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
സൗരോര്‍ജ പദ്ധതിക്കായി ഈ വര്‍ഷം മാത്രം എഴുന്നൂറ് കോടി ഡോളറാണ് നിക്ഷേപിക്കുന്നത്. പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പാരമ്പര്യേതര ഊര്‍ജ ഉല്പാദന രംഗത്തും സഊദി ശക്തിയാകുമെന്നാണ് കരുതുന്നത്. ഏഴു സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി വൈദ്യുത പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വന്‍കിട ശുദ്ധ ജല ഉല്പാദന പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചു. 2023 ല്‍ രാജ്യത്തെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് ലക്ഷ്യം. ഏറ്റവും വലിയ പെട്രോളിയം ഉല്പാദക രാജ്യമായ സഊദിക്ക് പാരമ്പര്യേതര ഊര്‍ജം ഉല്പാദിപ്പിക്കുന്നതില് രാജ്യാന്തര ശക്തിയാകാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."