പാഴ്മരം മുറിക്കാനുള്ള അനുമതിയുടെ മറവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മഹാഗണി മുറിച്ചെടുത്തു
കുന്നംകുളം: നഗരസഭ കുട്ടികളുടെ പാര്‍ക്കില്‍ പാഴ്മരം മുറിക്കാനുള്ള അനുമതിയുടെ മറവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മഹാഗണി മുറിച്ചെടുത്തു. അവധി ദിവസമായ ഞായറാഴ്ചയാണ് കരാറുകാരന്‍ മരം മുറിച്ചെടുത്തത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്ന് മര മില്ലില്‍ സൂക്ഷിച്ചിരുന്ന മരം പിടിച്ചെടുത്തു.
കരാറുകാരനെതിരേ മോഷണ കുറ്റത്തിന് പൊലിസില്‍ പരാതി നല്‍കി. ആഴ്ചകള്‍ക്ക് മുന്‍പ് കുട്ടികളുടെ പാര്‍ക്കില്‍ നിന്നും മരം കടപുഴകി ബസിനു മുകളിലേക്ക് വീണതോടെയാണ് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
ഹോമിയോ ആശുപത്രി കോമ്പൗണ്ടിലുള്ള പൂമരം മുറിക്കാനായി പതിനായിരം രൂപ നിരക്കിലാണ് ഹുസൈന്‍ എന്ന കരാറുകാരന് നല്‍കിയത്. പണമടച്ച കരാറുകാരന്‍ ഞായറാഴ്ച എത്തി പാര്‍ക്കിനുള്ളിലെ മഹാഗണി മുറിച്ചു കൊണ്ടു പോകുകയായിരുന്നു. സംഭവമറിഞ്ഞ വിമത വിഭാഗം കോണ്‍ഗ്രസ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ ആരോഗ്യ വിഭാഗം കരാറുകാരനെ വിളിച്ച് മര മില്ലില്‍ സൂക്ഷിച്ചിരുന്ന മരം തിരികെ നഗരസഭയില്‍ എത്തിച്ചെങ്കിലും സംഭവത്തില്‍ നടപടി വേണമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചു നിന്നും. പിന്നീട് കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദ് സ്ഥലത്തെത്തി പരാതി എഴുതി വാങ്ങി.
പാര്‍ക്കില്‍ തീര്‍ത്തും അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍ക്കുമ്പോഴും ഇവ മുറിക്കാതെ നല്ല മരങ്ങള്‍ മുറിച്ചു മാറ്റിയത് ഭരണ സമിതിയുടെ അറിവോടെയാണെന്ന് ബി.ജെ.പി അംഗം ഗീതാ ശശി ആരോപിച്ചു. ഇതില്‍ വലിയ അഴിമതി ഉണ്ട്. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് മരം മുറിച്ചു കൊണ്ടു പോയത്.
വിഷയം മറ്റുള്ളവര്‍ അറിഞ്ഞതോടെ ഭരണ സമിതി പൊട്ടന്‍ കളിക്കുകയാണെന്നും ഇവര്‍ പറയുന്നു. നഗരസഭ ഭരണ സമതി വലിയ അഴിമതികളാണ് നടത്തുന്നതെന്നും അനുമതിയില്ലാതെ മരംമുറിച്ചു കടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നം പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ ആവശ്യപെട്ടു.
ഉത്തരവാദിത്വപെട്ട കൗണ്‍സിലര്‍മാരെ അപമാനിക്കും വിധമാണ് നഗരസഭ ഭരണ സമിതിയുടെ പ്രവര്‍ത്തിയെന്നും മരങ്ങള്‍ വെച്ചുപിടിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്ന പാര്‍ട്ടി തന്നെ മരങ്ങള്‍ മുറിച്ചുകടത്തുന്ന നിലപാടെടുക്കുന്നതില്‍ അതിശയമുണ്ടെന്നും അഴിമതി ഏതറ്റംവരേയും പോകുമെന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും ആരോപിച്ചു.
എന്നാല്‍ നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. കരാറുകാരന്‍ ഇത് തെറ്റിച്ച് മറ്റൊരു മരം മുറിച്ചു കൊണ്ടുപോയതിന് ഭരണ സമതി എന്തു പിഴച്ചെന്നും സംഭവം അറിഞ്ഞതോടെ കരാറുകാരനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."