നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടനം
ലണ്ടന്‍: നോര്‍ത്ത് ലണ്ടന്‍ നാട്ടങ്കത്തില്‍ സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി ടോട്ടനം ഹോട്‌സ്പര്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ടോട്ടനം വിജയം സ്വന്തമാക്കിയത്. കളിയുടെ 49ാം മിനുട്ടില്‍ ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് ടോട്ടനം വിജയിച്ചത്. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍ 3-1 ക്രിസ്റ്റല്‍ പാലസിനേയും വെസ്റ്റ് ഹാം യുനൈറ്റഡ് 2-0ത്തിന് വാട്‌ഫോര്‍ഡിനേയും സ്വാന്‍സീ സിറ്റി 1-0ത്തിന് ബേണ്‍ലിയേയും കീഴടക്കി. സ്റ്റോക് സിറ്റി- ബ്രൈറ്റന്‍ പോരാട്ടം 1-1ന് സമനില.
അത്‌ലറ്റിക്കോയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് മലാഗയെ വീഴ്ത്തി. കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഗോളിലാണ് എവേ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ വിജയം പിടിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ വിയ്യാറലിനെ അവരുടെ തട്ടകത്തില്‍ ഡിപോര്‍ടീവോ അലാവസ് അട്ടിമറിച്ചപ്പോള്‍ അത്‌ലറ്റിക്ക് ബില്‍ബാവോ- ലാസ് പല്‍മാസ് പോരാട്ടം ഗോള്‍രഹിത സമനില.
ബൊറൂസിയക്ക് വിജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ ഹാംബര്‍ഗറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ ലെയ്പ്‌സിഗ് 2-0ത്തിന് ഓഗ്‌സ്ബര്‍ഗിനേയും ഫ്രാങ്ക്ഫര്‍ട് 4-2ന് കൊളോണിനേയും ഹോഫെന്‍ഹെയിം ഇതേ സ്‌കോറിന് മെയ്ന്‍സിനേയും പരാജയപ്പെടുത്തി. ഹെര്‍ത്ത 2-0ത്തിന് ബയര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തിയപ്പോള്‍ ഹന്നോവര്‍ 2-1ന് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചു.
യുവന്റസ് ഒന്നാം സ്ഥാനത്ത്
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഫിയോരെന്റിനയെ കീഴടക്കി യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വിവിധ പോരാട്ടങ്ങളിലായി പരാജയമറിയാതെ എട്ടാം മത്സരം പൂര്‍ത്തിയാക്കി എ.സി മിലാന്‍ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ എസ്.പി.എ.എല്ലിനെ പരാജയപ്പെടുത്തി.
മുന്‍ മാഞ്ചസ്റ്റര്‍ താരം ലിയാം മില്ലര്‍ വിട പറഞ്ഞു
ലണ്ടന്‍: മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ലിയാം മില്ലര്‍ മരണത്തിന് കീഴടങ്ങി. 36കാരനായ മുന്‍ അയര്‍ലന്‍ഡ് താരം കൂടിയായ മില്ലര്‍ ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. 2004 മുതല്‍ 2009 വരെ അയര്‍ലന്‍ഡ് ടീമിനായി കളിച്ച മില്ലര്‍ 21 മത്സരങ്ങളില്‍ ദേശീയ ടീം ജേഴ്‌സി അണിഞ്ഞു. സെല്‍റ്റിക്കിലൂടെ ക്ലബ് കരിയര്‍ ആരംഭിച്ച താരം രണ്ട് വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും കളത്തിലിറങ്ങി. 2016ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറഞ്ഞത്. സണ്ടര്‍ലാന്‍ഡിനായും പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്.
ചങ് മോങിന്റെ വിലക്കിന് ഇളവ്
സൂറിച്ച്: മുന്‍ ഫിഫ വൈസ് പ്രസിഡന്റ് ചങ് മോങ് ജൂനിന്റെ അഞ്ച് വര്‍ഷത്തെ വിലക്ക് 15 മാസമാക്കി കുറച്ച് കോര്‍ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഉത്തരവിറക്കി. ഫിഫയുടെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ചങിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന്റെ 15 മാസ കാലാവധി തീര്‍ന്നതിനാല്‍ മുന്‍ വൈസ് പ്രസിഡന്റിന് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 1994 മുതല്‍ 2011 വരെ ചങ് ഫിഫയുടെ ഉപാധ്യക്ഷനായി സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."