ധവാന് നൂറില്‍ നൂറ്
ജൊഹന്നാസ്ബര്‍ഗ്: കരിയറിലെ 100ാം ഏകദിനത്തിനിറങ്ങി സെഞ്ച്വറിയടിച്ച് ശിഖര്‍ ധവാന് താരമായപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 289 റണ്‍സെന്ന മികച്ച സ്കോര്‍ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശിഖര്‍ ധവാന് (109), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (75), മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി (പുറത്താകാതെ 42) എന്നിവരുടെ കരുത്തുറ്റ ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോര്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടമായി. എന്നാല്‍ സഹ ഓപണര്‍ ശിഖര്‍ ധവാന് കൂട്ടായി മിന്നും ഫോമിലുള്ള നായകന് വിരാട് കോഹ്ലി എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ഒരു പഴുതും അനുവദിക്കാതെ കളം നിറഞ്ഞതോടെ ഇന്ത്യന്‍ ബോര്‍ഡിലേക്ക് റണ്‍സൊഴുകി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
കരിയറിലെ 100ാം ഏകദിന മത്സരത്തിനായി ഇറങ്ങിയ ധവാന് 13ാം ഏകദിന സെഞ്ച്വറിയാണ് ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കുറിച്ചത്. 105 പന്തുകള്‍ നേരിട്ട് പത്ത് ഫോറും രണ്ട് സിക്സും സഹിതമാണ് താരം 109 റണ്‍സെടുത്തത്. കോഹ്ലി 83 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് 75 റണ്‍സ് കണ്ടെത്തിയത്. കോഹ്ലി രണ്ടാം വിക്കറ്റായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 178 റണ്‍സിലെത്തിയിരുന്നു.
പിന്നീട് മോശം കാലാവസ്ഥയെ തുടര്‍ന്ന് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവച്ചു. വീണ്ടും മത്സരം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകളും നഷ്ടമായി. ധവാനും പിന്നാലെ എട്ട് റണ്‍സുമായി രഹാനെയും മടങ്ങി. പിന്നീട് പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധോണി ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 റണ്‍സെടുത്ത് മികവിലേക്ക് കുതിക്കുന്നതിനിടെ ശ്രേയസ് അയ്യര്‍ വീണു. എങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന ധോണി 43 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ നിന്ന് ഇന്ത്യയെ 289 റണ്സിലെത്തിക്കുകായായിരുന്നു. ഹര്‍ദിക് പാണ്ഡ്യ (ഒന്‍പത്), ഭുവനേശ്വര്‍ കുമാര്‍ (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, എന്‍ഗിഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മോണ്‍ മോര്‍കല്‍, ക്രിസ് മോറിസ് എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."