ആറ്റുകാല്‍ ക്ഷേത്രത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലെ റോഡുകള്‍ നവീകരിക്കും: മന്ത്രി ജി. സുധാകരന്‍
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുളള പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ റോഡുകളും സമയബന്ധിതമായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ക്ഷേത്ര ഉല്‍സവത്തിനു മുമ്പായി ആവശ്യമുള്ള സ്ഥലങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളുമായി ബന്ധപ്പെട്ട് ഈ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ക്ഷേത്രത്തിന് ചുറ്റളവിലുള്ള എല്ലാ പൊതുമരാമത്തു റോഡുകളും യാത്രാ യോഗ്യമാക്കാന്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ അനുമതി നല്‍കിയിരുന്നു. പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് റോഡുകള്‍ പരിശോധിക്കുകയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റുമായി ഫോണില്‍ ഇക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു. ആറ്റുകാല്‍-കാലടി റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭാ റോഡുകള്‍ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പൊതുമരാമത്ത് റോഡുകള്‍ക്ക് കേടുപാടുകളില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."