കശ്മീര്‍ ആക്രമണം: അഞ്ച് ജവാന്മാര്‍ അടക്കം മരണം ആറായി, ഉറി ആക്രമണത്തിന് സമാനം -10 Points
സുന്‍ജുവാന്‍: ജമ്മു കശ്മീരിലെ സുന്‍ജുവാനില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരുക്കേറ്റ രണ്ടു ജവാന്മാരും ഒരു നാട്ടുകാരനും ഇന്നു മരിച്ചു. ഇതോടെ മൊത്തം മരണം ആറായി. 2016 ല്‍ 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ആക്രമണത്തിനു ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ഇന്നലെയുണ്ടായത്.
1. ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ നാല് ജയ്‌ഷേ മുഹമ്മദ് ഭീകരരെ വധിച്ചിട്ടുണ്ട്.
2. ഇന്നലെ രാത്രിയിലും ക്യാംപില്‍ വെടിവയ്പ്പ് തുടര്‍ന്നു. തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്യുന്നതു വരെ ഓപ്പറേഷന്‍ തുടരുമെന്ന് സൈനികര്‍ അറിയിച്ചു.
3. അതേസമയം, ഇനിയും രണ്ടോ മൂന്നോ തീവ്രവാദികള്‍ ക്യാംപിനകത്തുണ്ടെന്നാണ് അനുമാനം. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമായി തുടരുകയാണ്. സൈനിക മേധാവി ബിപിന്‍ റാവത്ത് ജമ്മുവിലെത്തി സൈനിക നടപടികള്‍ വിലയിരുത്തി. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ സ്‌കൂളുകളൊന്നും തുറന്നില്ല.
4. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. ജൂനിയര്‍ സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ജമ്മു സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
5. 150 ക്വാര്‍ട്ടേസുകള്‍ അടങ്ങിയതാണ് സന്‍ജുവാന്‍ സൈനിക ക്യാംപ്. ഇവിടെയുള്ളവരെയെല്ലാം ഇന്നലെ മുതല്‍ ഒഴിപ്പിച്ചിട്ടുണ്ട്.
6. സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വന്‍ ആയുധങ്ങളും കൂടെ കരുതിയിട്ടുണ്ട്. വെടിമരുന്നുകളും ഗ്രനേഡുകളും ഇവരുടെ പക്കലുണ്ട്.
7. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുതിര്‍ന്ന പൊലിസ് എസ്.പി വാഹിദുമായി സംഭവത്തില്‍ കൂടിയാലോചന നടത്തി. സംഭവം നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
8. ശനിയാഴ്ച പുലര്‍ച്ചെ 4.55 നാണ് തീവ്രവാദികള്‍ സൈനിക ക്യാംപില്‍ പ്രവേശിച്ചത്. കാവല്‍ ബങ്കറിലുണ്ടായിരുന്ന ജവാന്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തെങ്കിലും പ്രത്യാക്രമണം ഉണ്ടായി. കാവല്‍ ഭടനെ ആക്രമിച്ച ശേഷം ഇവര്‍ അകത്തുകടക്കുകയും ചെയ്തു.
9. അതിനിടെ, ശനിയാഴ്ച പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലം ലംഘനം നടത്തി. രാജൗരി ജില്ലയില്‍ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
10. ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ ഈ വര്‍ഷം ഇത് എട്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആക്രമണവും ഇതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."