ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി: വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധന ഇരുട്ടടിയെന്ന് രക്ഷിതാക്കള്‍
ജിദ്ദ: അധ്യാപകര്‍ക്ക് സഊദി സര്‍ക്കാര്‍ ലെവി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം. നിലവില്‍ വര്‍ധനവിന്റെ ആദ്യ പടിയായി ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ആണ് വര്‍ധിപ്പിക്കുന്നത്.
സഊദിയില്‍ നടപ്പിലാക്കിയ അജീര്‍ പദ്ധതി മുഖേനയുള്ള ലെവിയും, മൂല്യവര്‍ധിത നികുതിയും ചൂണ്ടിക്കാട്ടി സ്‌കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ദമ്മാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഫീസ് വര്‍ധനവ് ഇരുട്ടടിയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ പ്രവാസികളായ രക്ഷിതാക്കള്‍ അഭീമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ഏകപക്ഷിയ തീരുമാനമായേ ഫീസ് വര്‍ധന കാണാന്‍ കഴിയുവെന്ന് സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
മാര്‍ച്ച് മുതല്‍ നടപ്പിലാകുന്ന അജീര്‍ ലെവി ഉത്തരവ് വന്ന ഉടനെ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തദടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എംബസി ഹയര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ചെങ്കിലും രാജ്യത്തെ മുഴുവന്‍ എംബസി സ്‌കൂളുകള്‍ക്കും ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത പഠിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത ഫീസ് ഘടനയാകും നടപ്പില്‍ വരിക.
നിലവില്‍ 17000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ 800 ഓളം അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 700 ഓളം അധ്യാപകര്‍ ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതി മുഖേന രജിസ്റ്റര്‍ ചെയ്തവരാണ്. പുതിയ അധ്യാന വര്‍ഷം മുതല്‍ നടപ്പിലാകുന്ന പുതുക്കിയ ഫീസ് നിരക്കില്‍ നിലവിലെ ട്യൂഷന്‍ ഫീസിന്റെ 20 മുതല്‍ 30 ശതമാനം വരെയുള്ള വര്‍ധനവിനാണ് സാധ്യതയെന്നാണറിയുന്നത്. മേഘലയിലെ പ്രൈവറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സാധരണക്കാരായ പ്രവാസികളുടെ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന സ്‌കൂള്‍ എന്നതും എംബസി സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍ പുതിയ ഫീസ് ഘടന നടപ്പിലാവുന്നതോടെ ഈ അന്തരം കൂടി ഇല്ലാതാകും.
ആശ്രിതവിസയില്‍ പാര്‍ട്ട് ടൈം ജോലിചെയ്യാന്‍ അനുമതി നല്‍കുന്ന അജീര്‍ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പുതിയ ലെവി ബാധകമാക്കിയത്. ആശ്രിത ലെവിക്കു പുറമെ ഇവര്‍ വര്‍ഷം 9,500 റിയാല്‍ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് മാര്‍ച്ച് മാസം മുതല്‍ ഈടാക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ലെവി ബാധകം. നിലവില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ വനിതാ ജീവനക്കാരിലേറെയും ആശ്രിത വിസയിലുള്ളവരാണ്. ആശ്രിത വിസയിലുള്ളവര്‍ക്ക് ജോലിചെയ്യാന്‍ നേരത്തേ അനുമതി ഉണ്ടായിരുന്നില്ല.
എന്നാല്‍ സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖത്ത് പ്രാബല്യത്തില്‍ വന്നതിന് ശേഷം പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുന്ന അജീര്‍ പദ്ധതി പ്രകാരം ആശ്രിത വിസയിലുള്ളവര്‍ക്ക് സ്‌കൂളുകളില്‍ ജോലിചെയ്യാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അജീര്‍ പുതുക്കുന്നതിന് ഇനി മുതല്‍ 9,500 റിയാല്‍ നികുതി അടയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്.
അതേ സമയം നിലവിലെ സാഹചര്യത്തില്‍ പല സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരോട് മറ്റ് ജോലി കണ്ടെത്താന്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളിലും അജീര്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ ലെവി അടുത്ത ഘട്ടം മുതല്‍ അടക്കേണ്ടി വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."