ശൈഖ് ഇബ്രാഹിമിന്റെ ഓര്‍മയില്‍ ബഹ്‌റൈന്‍; സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ അനുശോചിച്ചു
മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും ശരീഅത്ത് കോടതി ചീഫ് ജസ്റ്റിസും രാജാവിന്റെ ഇസ്‌ലാമിക കാര്യ വിഷയങ്ങളില്‍ ഉപദേഷ്ടാവുമായിരുന്ന ശൈഖ് ഇബ്രാഹിം അബ്ദുല്ലത്തീഫ് ആല്‍ സഅദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ അനുശോചിച്ചു.
നീണ്ട നാലു പതിറ്റാണ്ടു കാലം മനാമയിലെ ഫാളില്‍ മസ്ജിദ് ഇമാമും ഖതീബുമായിരുന്ന അദ്ദേഹം രണ്ടു മാസമായി വാര്‍ധക്യ സഹജമായ അസുഖം കാരണം ഡിഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
അദ്ദേഹത്തിന്റെ മരണ സമയത്ത് കുവൈത്തിലായിരുന്ന സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്.
2016 മാര്‍ച്ച് 11ന് മനാമ ഗോള്‍ഡ് സിറ്റിയില്‍ ആരംഭിച്ച സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്തിന്റെയും മദ്‌റസയുടെയും ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളോടൊപ്പം ശൈഖും പങ്കെടുത്തിരുന്നു.
ഫഖ്‌റുദ്ദീന്‍ തങ്ങളുടെ അനുശോചനക്കുറിപ്പ്
ബഹ്‌റൈനില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് സുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിച്ച സുപ്രസിദ്ധ കുടുംബമാണ് ആലു സഅ്ദ് ഫാമിലി. പാരമ്പര്യമായി പിതാവും പിതാമഹനും സഹോദരന്മാരുമെല്ലാം ഖാളിമാരായിരുന്നു. ആ പരമ്പരയിലെ അവസാന കണ്ണികൂടിയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്.
ബഹ്‌റൈനിലെ ഭരണം മാലികി മദ്ഹബ് അടിസ്ഥാനത്തിലായിരുന്നതിനാല്‍ അദ്ദേഹവും ഒരു തികഞ്ഞ മാലികി മദ്ഹബ് സ്വീകരിച്ച വ്യക്തിയായിരുന്നു.
ഏകദേശം 40 വര്‍ഷത്തോളം ഫാളില്‍ മസ്ജിദ് ഖതീബും ഇമാമുമായിരുന്ന അദ്ദേഹം, ആദ്യകാലങ്ങളില്‍ ശരീഅത്ത് കോടതിയില്‍ നികാഹിന്റെ ഖാളി കൂടിയായിരുന്നു.
നിലവില്‍ ബഹ്‌റൈന്‍ ഇസ്‌ലാമിക് അഫേഴ്‌സിസിനു മുകളിലുള്ള ഉന്നത സഭയുടെ അധ്യക്ഷനും ബഹ്‌റൈന്‍ രാജാവിന്റെ ഉപദേശക സമിതിയംഗവും കൂടിയായിരുന്നു.
മത പ്രബോധന രംഗത്തും അദ്ധേഹവും കുടുംബവും ഏറെ സജീവമായിരുന്നു. ബഹ്‌റൈനിലെ കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ സെക്രട്ടേറിയറ്റ് ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹം തന്റെ വസതിയില്‍ മജ്‌ലിസ് ഒരുക്കിയും മത പഠന രംഗം സജീവമാക്കിയിരുന്നു.
സ്വന്തം പിതാവില്‍ നിന്നുള്ള മത പഠനത്തിനു ശേഷം 1958 ല്‍ ഈജിപ്തില്‍ പോയ അദ്ധേഹം 11 വര്‍ഷത്തെ ഉപരി പഠനത്തിനു ശേഷമാണ് 1969ല്‍ ബഹ്‌റൈനില്‍ തിരിച്ചെത്തിയത്.
അന്നു മുതല്‍ മസ്ജിദുല്‍ ഫാളിലില്‍ ഇമാമും ഖതീബുമായി സേവനമനുഷ്ഠിച്ച അദ്ദേഹം ദഅ്‌വാ രംഗത്തും സജീവമായിരുന്നു. 1970 ല്‍ ബഹ്‌റൈന്‍ ശരീഅത്ത് കോടതിയില്‍ ഉന്നത സ്ഥാനത്ത് വിരാചിച്ചിരുന്ന അദ്ധേഹം മരണപ്പെടുന്നതുവരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിക്കുകയായിരുന്നു.
പ്രവാസികളോട് വളരെ നല്ല നിലയിലായിരുന്നു അദ്ധേഹം പെരുമാറിയിരുന്നത്. സമസ്ത ബഹ്‌റൈന്‍ മദ്‌റസ മനാമയിലെ ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന ചടങ്ങിലും അദ്ധേഹവും പങ്കെടുത്തിരുന്നു.
2016 ഫെബ്രുവരി അവസാന വാരം നടന്ന പ്രസ്തുത ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നു.
കൂടാതെ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദൂസരി, ബഹ്‌റൈന്‍ പാര്‍ലമന്റ് അംഗംഅബ്ദുല്‍വാഹിദ് അല്‍ഖറാത്വ, മുന്‍ എം.പി മുഹമ്മദ് ഖാലിദ്, ശൈഖ്ഖാലിദ് ഫുആദ്, ഡോ. യൂസുഫ് അല്‍അലവി തുടങ്ങി നിരവധി പ്രമുഖ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ ഹൈദരലി തങ്ങളോട് ചേര്‍ന്ന് നിന്നാണ് അദ്ധേഹം ഫോട്ടോക്ക് പോസ് ചെയ്തത്.
തങ്ങള്‍ കുടുംബത്തെ ഏറെ ആദരിച്ചിരുന്ന അദ്ധേഹം മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മയ്യിത്ത് നിസ്‌കാരത്തിന് വേണ്ടി ഫാളില്‍ മസ് ജിദ് പ്രത്യേകമായി തുറന്നു തരികയും അന്ന് പള്ളി നിറയെ ആളുകള്‍ തടിച്ചു കൂടിയ മയ്യിത്ത് നിസ്‌കാരം നടത്താന്‍ സഹായിക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിക ദൃഷ്ട്യാ ഒരു ഖാളി (ഇസ്‌ലാമിക കോടതിയിലെ ജഡ്ജി) തന്റെ ജീവിതത്തില്‍ പാലിക്കേണ്ട നിബന്ധനകള്‍ അനുസരിച്ചായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. തനിക്ക് അനുയോജ്യമല്ലാത്ത ഒരു സദസ്സിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
രാഷ്ട്ര നേതാക്കളെ സന്ദര്‍ശിക്കുന്നതും അവരുമായി ചങ്ങാത്തം കൂടുന്നതും കുറവായിരുന്നു. അവരുടെ സമ്മാനങ്ങളും സൗജന്യങ്ങളും സ്വീകരിക്കുന്നതും അപൂര്‍വ്വമായിരുന്നു. അതേസമയം രാജാവ് അടക്കമുള്ളവര്‍ അദ്ധേഹത്തെ വസതിയെലെത്തി സന്ദര്‍ശിക്കുമായിരുന്നു.
ജനങ്ങളോട് കൂടുതല്‍ ഇടപഴകാറുണ്ടായിരുന്നില്ലെങ്കിലും എല്ലാവരോടും വളരെ വിനയത്തോടെയായിരുന്നു അദ്ധേഹം പെരുമാറിയിരുന്നത്. അല്ലാഹുവിനെ ഭയപ്പെട്ട് വളരെ ലളിതമായ ജീവിതമായിരുന്നു അദ്ധേഹം നയിച്ചിരുന്നത്.
ആരോടും കടുത്ത രീതിയില്‍ സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിരുന്നില്ല, മാത്രവുമല്ല എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു ശൈഖ് സംസാരിച്ചിരുന്നത്. നികാഹിനും മറ്റു കാര്‍മികത്വം വഹിക്കാനെത്തുന്‌പോഴും ഗൗരവം വെടിഞ്ഞ് തമാശകള്‍ പറഞ്ഞിരുന്നതും തങ്ങള്‍ ഓര്‍മിച്ചു.
അദ്ധേഹത്തിന്റെ വിയോഗം വിശ്വാസികള്‍ക്ക് തീരാ നഷ്ടമാണെന്നും അല്ലാഹു നമുക്ക് നല്ല പകരം തരട്ടെയെന്നും തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പ്രാര്‍ത്ഥിച്ചു.
മനാമയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ എസ്.വൈ.എസ് സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."