പ്രതിയോഗികളെ കുടുക്കാനുള്ള ഉപകരണമായി മാറുന്ന വിജിലന്‍സ്
രാഷ്ട്രീയത്തില്‍ സ്ഥിരമായ മിത്രങ്ങളും സ്ഥിരമായ എതിരാളികളുമില്ലെന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവര്‍ കണ്ടെത്തിയ ഒരു ന്യായീകരണം മാത്രമാണ്. വ്യക്തമായ നയവും പരിപാടിയുമുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അവരുടെ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുമായി മുന്നണി ബന്ധത്തില്‍ ഏര്‍പ്പെടാനാവുക. മിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍ എന്നൊക്കെ പറയുന്നത് പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ട് അധികാരം പങ്കിടാനുള്ള ഉപായം മാത്രമാണ്. ജന നന്മ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അജണ്ടകളില്‍ നിന്ന് എന്നോ അപ്രത്യക്ഷമായിരിക്കുന്നു.
തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ മോഹിപ്പിക്കാനുള്ള കപട വാഗ്ദാനങ്ങളായി അവ പ്രകടനപത്രികകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകളാണ് കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഈയിടെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക കോഴ വാങ്ങി അനുമതി നല്‍കുന്നതിലൂടെ പ്രകൃതിയുടെ താളം തെറ്റുകയും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയും അതുവഴി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
അധികാരത്തിന് വേണ്ടി നെറികേടിന്റെ ഏതറ്റം വരെ പോകാനും ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറായിരിക്കുന്നുവെന്നാണ് സമീപകാലത്തെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷത്താകുമ്പോള്‍ ഭരണപക്ഷത്തുള്ളവരുടെ അഴിമതികള്‍ ചൂണ്ടിക്കാണിക്കുക. അതുവഴി അധികാരം നേടുക. അധികാരം കിട്ടിയാല്‍ അതുവരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ വിഴുങ്ങുക അവരെ വശത്താക്കാന്‍ അവര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസുകള്‍ തെളിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കുക. ആരും ശിക്ഷിക്കപ്പെടുന്നില്ല. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളം കണ്ടു കൊണ്ടിരിക്കുന്ന പൊറാട്ട് നാടകമാണിത്. ബാര്‍ കോഴ അഴിമതിയാരോപണത്തിന് വിധേയനായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ തടഞ്ഞ് സ്പീക്കറുടെ ഡയസ് തകര്‍ത്തവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് തകര്‍ക്കുന്നതെന്ന ബോധം അന്നുണ്ടായില്ല. കെ.എം മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരാനായി വിജിലന്‍സ് കേസ് കാണിച്ച് അദ്ദേഹത്തെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു. കേസിന് തെളിവില്ലെന്ന് വിജിലന്‍സ് ഇപ്പോള്‍പറഞ്ഞുകൊണ്ടിരിക്കുന്നു.
എന്തൊരുമറിമായം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ആദ്യം വിജിലന്‍സിന്റെ അധിക ചുമതല നല്‍കുകയും പിന്നീട് പൂര്‍ണ ചുമതല നല്‍കിയതും ഇപ്പോള്‍ സര്‍ക്കാരിന് തന്നെ കുരുക്കായിരിക്കുന്നു. 11 ഡി.ജി.പിമാരുള്ളപ്പോഴാണ് ഈ അധികാര ദുര്‍വിനിയോഗം. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി തുടരുന്നത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിരിക്കുന്നു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍. സംസ്ഥാന പൊലിസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡി.ജി.പിമാരുടെ കേഡര്‍ തസ്തിക. ഡി.ജി.പി റാങ്കില്‍ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല.
നിയമിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. ഉന്നതര്‍ പ്രതികളായ 13 കേസുകളാണ് ലോക്‌നാഥ് ബെഹ്‌റ ഡയറക്ടറായതിന് ശേഷം തെളിവില്ലെന്ന് പറഞ്ഞ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇവരില്‍ ടോം ജോസ്, എസ്.പി രാഹുല്‍ ആര്‍ നായര്‍, ടോമിന്‍ തച്ചങ്കരി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, െജ. മേഴ്‌സികുട്ടിയമ്മ എന്നിവരും ഉള്‍പ്പെടും. എന്നിട്ടും ഭരണകൂടം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു എല്ലാം ശരിയാകുമെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."