ഫല്ലുജ പിടിച്ചെടുക്കാന്‍ ഏറ്റുമുട്ടല്‍ രൂക്ഷം
ബഗ്ദാദ്: ഐ.എസ് നിയന്ത്രണത്തിലുള്ള ഫല്ലുജ പിടിച്ചെടുക്കാന്‍ ഇറാഖ് സഖ്യസേന കടുത്ത പോരാട്ടത്തില്‍. ഐ.എസും പ്രത്യാക്രമണം ശക്തിപ്പെടുത്തിയതോടെ പ്രദേശത്ത് ലക്ഷക്കണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് ഇറാഖ് സേന ശക്തമായ ആക്രമണം തുടങ്ങിയത്.
മൂന്നു ദിശകളില്‍ നിന്ന് സൈന്യം ഫല്ലുജ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഫല്ലുജയില് ഇറാഖ് സേന പ്രവേശിച്ചുവെന്നാണ് സേന അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാഖ് സൈന്യത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം രണ്ടുനഗരങ്ങള്‍ കൂടി ഐ.എസ് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുകയാണ് ഇറാഖ് സൈന്യത്തിന്റെ ലക്ഷ്യം. 48 മണിക്കൂറിനകം ഐ.എസില്‍ നിന്ന് നഗരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം.
400 മുതല്‍ 1000 ഐ.എസ് തീവ്രവാദികള്‍ നഗരത്തിനുള്ളില്‍ കഴിയുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിലേറെയും സായുധ ആക്രമണത്തിന് പരിശീലനം സിദ്ധിച്ചവരാണ്.
തെക്കന്‍ ഫല്ലുജയിലും വടക്ക് കിഴക്കന്‍ മേഖലയിലുമാണ് സൈന്യം മുന്നേറ്റം തുടരുന്നത്. ഇറാഖ് സൈന്യത്തിന് കനത്ത തിരിച്ചടി ഐ.എസിന്റെ ഭാഗത്തുനിന്നുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് വ്യോമസേനയുടെ സഹായത്തോടെ വ്യോമാക്രമണം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
അന്‍ബാര്‍ പൊലിസും സി.ടി.എസ് സൈന്യവും ഇറാഖ് സേനയും തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഫല്ലുജ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന് തുടങ്ങിയത്.
എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് ഐ.എസ് നടത്തിയത്. 10 ഇറാഖി സൈനികരും ശിഈ സായുധ സേനാംഗങ്ങളും പുലര്‍ച്ചെ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഒരാഴ്ച മുന്‍പാണ് ഫല്ലുജ പിടിച്ചെടുക്കാനുള്ള പോരാട്ടം ഇറാഖ് സേന ശക്തിപ്പെടുത്തിയത്. ഇവിടെ 3,000 പേര് മെയ് 21 മുതല്‍ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണെന്ന് നോര്‍വേജിയന്‍ റഫ്യൂജി കൗണ്‍സില്‍ (എന്‍.ആര്.സി) പറഞ്ഞു.
അതിനിടെ ഇന്നലെ ഫല്ലുജയില് നിന്ന് 100 കി.മി അകലെയുള്ള റമാദിയില്‍ 15 പ്രത്യേക ദൗത്യസേനാംഗങ്ങളും കൊല്ലപ്പെട്ടു.
വടക്ക്, വടക്ക് കിഴക്കന്‍ ബഗ്ദാദിലുണ്ടായ ബോംബാക്രമണങ്ങളില്‍ ഒന്‍പത് പേര് കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."