ആറുമാസം വരെ തുടര്‍ച്ചയായി പറക്കും; ആകാശവിസ്മയമായി ശരപ്പക്ഷി
പൊന്നാനി: പക്ഷികളുടെ പറക്കല്‍ ചരിത്രം തിരുത്തിയെഴുതിയ ആകാശവിസ്മയമാണ് വെള്ളവയറന്‍ ശരപ്പക്ഷി. ആറുമാസം വരെ തുടര്‍ച്ചയായി പറക്കുന്ന, ലോകമെങ്ങുമുള്ള പക്ഷി ഗവേഷകരുടെ മനസിനെ എന്നും ഭ്രമിപ്പിക്കുന്ന ഈ പക്ഷിയെ മലപ്പുറം ജില്ലയിലെ തവനൂരില്‍ കണ്ടെത്തി.
ജില്ലയില്‍ പുരോഗമിക്കുന്ന പക്ഷി സര്‍വേയിലാണ് വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കൂടുകൂട്ടുന്നതൊഴിച്ചാല്‍ ജീവിതത്തിന്റെ ബാക്കി സമയം മുഴുവന്‍ മിക്കവാറും പറക്കുന്ന സ്വഭാവക്കാരാണിവ.
വയല്‍ക്കോതിക്കത്രികയോടും വെള്ളക്കറുപ്പന്‍ കത്രികയോടും രൂപസാദൃശ്യമുള്ളവയാണ് വെള്ളവയറന്‍ ശരപ്പക്ഷി. ആല്‍പൈന്‍ സ്വിഫ്റ്റ് എന്നാണ് ഇംഗ്ലീഷ് നാമം. ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായുവില്‍ തന്നെ പറന്നു കഴിയുന്ന ഈ പക്ഷി കീടങ്ങളെ ഭക്ഷണമാക്കുന്നതും വെള്ളം കുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നുകൊണ്ട് തന്നെയാണ്. ഇവയുടെ നന്നേ ചെറിയ കാലുകള്‍ ഉപയോഗിച്ചു തൂങ്ങിക്കിടക്കുകയല്ലാതെ നിവര്‍ന്നിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈപക്ഷി ഒരിക്കലും നിലത്തിരിക്കാന്‍ താല്‍പര്യം കാണിക്കാറില്ലെന്നാണ് പക്ഷിനിരീക്ഷകര്‍ പറയുന്നത്.ഹിമാലയത്തിലും യൂറോപ്പിലുമാണ് ഇവ പ്രജനം നടത്തുന്നത് .
ശീതകാലത്തു ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിക്കുന്ന വെള്ളവയറന്‍ ശരപ്പക്ഷി ഹിമയുഗത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വസിച്ചിരുന്നെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വലിപ്പക്കൂടുതലും വെളുത്തവയറും ഇവയെ മലങ്കൂളനില്‍നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട് .
കേരളത്തിലെവിടെയും വെള്ളവയറന്‍ ശരപ്പക്ഷി കൂട്കൂട്ടി താമസിക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും കര്‍ണാടകയിലും ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളിലും ഇവ കൂട്കൂട്ടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . മലപ്പുറം ജില്ലയുടെ പക്ഷിഭൂപടം തയാറാക്കാനുള്ള ഡിജിറ്റല്‍ വിവരശേഖരണത്തിനിടെയാണ് തവനൂരില്‍ വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."