ചെക്പോസ്റ്റുകളില്‍ മിന്നല്‍പരിശോധനക്ക് നിര്‍ദേശം
തൊടുപുഴ: ചെക്പോസ്റ്റുകള്‍ അഴിമതിമുക്തമാക്കാന്‍ രാത്രികാലങ്ങളിലും അവധി ദിനങ്ങളിലും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്റെ ഉത്തരവ്. മറ്റ് ദിവസങ്ങളില്‍ രാവിലെ ഒന്പതുമുതല് വൈകിട്ട് ആറുവരെ ചെക്പോസ്റ്റുകളില്‍ ഉണ്ടാകണം.
ചെക്പോസ്റ്റുകളില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായവും നല്‍കണം. എല്ലാ ചെക്പോസ്റ്റുകളിലും കുറഞ്ഞത് മൂന്ന് ഓഫിസ് അറ്റന്‍ഡര്‍മാരുടെ സേവനം ലഭ്യമാക്കണം. ഓരോ ചെക്പോസ്റ്റിലും എം.വി.ഐ - 1, എ.എം.വി.ഐ - 3, ഓഫിസ് അറ്റന്‍ഡന്റ്- 3 എന്നിങ്ങനെയായിരിക്കണം ജീവനക്കാരുടെ വിന്യാസം. ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും കാക്കി യൂനിഫോം ധരിക്കുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഓഫിസുകളില്‍ പുരുഷ അറ്റന്‍ഡര്‍മാരുടെ അഭാവത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചവരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത്. ഓഫിസ് അറ്റന്‍ഡര്‍മാര്‍ കാക്കി യൂനിഫോമിനൊപ്പം നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിക്കണം. ചെക്പോസ്റ്റുകളില്‍ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതാണ്.
ഇവ കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ആര്.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്.ടി.ഒ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിക്കണം. ചെക്പോസ്റ്റുകളിലെത്തുന്ന പണം അന്നുതന്നെ ട്രഷറിയില്‍ ഒടുക്കണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."