നദികളിലെ നീരൊഴുക്ക് 70 ശതമാനം കുറഞ്ഞു; 39 എണ്ണവും മലിനം
മലപ്പുറം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ നദികളിലെ നീരൊഴുക്ക് 70 ശതമാനം കുറഞ്ഞതായി കേന്ദ്ര ജലവിഭവ കേന്ദ്രം. ഇതിനേത്തുടര്‍ന്ന് നാടും നഗരവും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൃഷിയും മരങ്ങളും അതിവേഗത്തിലാണ് ഉണങ്ങുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മഴയുടെ അളവില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. കായലുകള്‍നിറഞ്ഞ ആലപ്പുഴ ജില്ലയില്‍പോലും 22 ശതമാനം മഴയുടെ കുറവാണുണ്ടായത്.
പുഴ വറ്റിത്തുടങ്ങിയതോടെ മിക്കവയും മലിനമായിട്ടുണ്ട്. 44 നദികളില്‍ 39 എണ്ണവും മലിനമാണെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പുഴ നിറഞ്ഞൊഴുകിയിരുന്ന സമയത്ത് തുറന്നുവിട്ടിരുന്ന മലിനജലം ഇപ്പോഴും അതേരീതിയില്‍ ഒഴുകിയെത്തുന്നതാണ് പുഴകള്‍ മലിനമാകാന്‍ പ്രധാന കാരണമെന്ന് ജലവിഭവ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
നദികളുടെ പ്രഭവകേന്ദ്രങ്ങളിലെ വരള്‍ച്ചയാണ് നീരൊഴുക്ക് കുറയാനിടയാക്കിയത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനുശേഷമുള്ള കാലയളവില്‍ നദികള്‍ ഇത്രയധികം ശോഷിക്കുന്നത് ഇതാദ്യമാണ്. പ്രധാന നദികളായ പെരിയാര്‍, ഭാരതപ്പുഴ, പമ്പ തുടങ്ങിയവയുടെ സ്ഥിതിയും അതിദയനീയമാണ്. ഭാരതപ്പുഴയില്‍ ചമ്രവട്ടം റഗുലേറ്ററിനകത്തുപോലും വെള്ളം കുറവാണ്. പുഴയുടെ മിക്ക ഭാഗങ്ങളും വരണ്ടുണങ്ങിയ അവസ്ഥയിലാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലാര്‍ തുടങ്ങി പശ്ചിമഘട്ട മലനിരകളില്‍ നിന്നുത്ഭവിക്കുന്ന നദികളുടെ സ്ഥിതിയും മറിച്ചല്ല. ചാലിയാറും പോഷകനദികളായ കരിമ്പുഴ, കാരാടന്‍ പുഴ, കൊടിഞ്ഞിപ്പുഴ തുടങ്ങിയവയും വെള്ളമില്ലാതെ ചാലുകളായി മാറി. ചാലിയാറില്‍ സംഗമിക്കുന്ന കടലുണ്ടിപ്പുഴയില്‍ മത്രമാണ് കുറച്ചെങ്കിലും വെള്ളമുള്ളത്.
കഴിഞ്ഞവര്‍ഷം തുലാവര്‍ഷത്തില്‍ മഴ ലഭിക്കാത്തത് അന്തരീക്ഷ താപനില ഉയര്‍ത്തി. പകല്‍ താപനില 35 ഡിഗ്രിവരെയാണ്. അന്തരീക്ഷ താപനില ഉയരുകയും മഴ കുറയുകയും ചെയ്തതോടെ ഭൂഗര്‍ഭജലനിരപ്പും ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്.
സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ട മഴയുടെ തോത് 481 മില്ലി മീറ്ററായിരുന്നു. ഒക്ടോബറില്‍ 289 എം.എം മഴ ലഭിക്കേണ്ടിടത്ത് വെറും 105 എം.എം മാത്രമാണ് ലഭിച്ചത്. ഈ സമയത്ത് 68 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ ഇതേ കാലയളവില്‍ 22 ശതമാനം മഴ കൂടുതലാണ് ലഭിച്ചത്. ഏഴ് ജില്ലകളില്‍ കൂടുതലും മറ്റിടങ്ങളില്‍ സാധാരണനിലയിലുമായിരുന്നു.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസത്തില്‍ 143 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 105 സെന്റീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. ഇക്കാലയളവില്‍ വയനാട് ജില്ലയില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തി. തുലാവര്‍ഷത്തില്‍ 2039.7 മില്ലി മീറ്റര്‍ മഴ കിട്ടേണ്ടിടത്ത് ഇത്തവണ ആകെ കിട്ടിയത് 1352.3 മില്ലി മീറ്റര്‍ മാത്രമാണ്. ലക്ഷദ്വീപില്‍പോലും മഴ ലഭ്യതയില്‍ വന്‍ കുറവുണ്ടായി. 998.5 മില്ലി മീറ്റര്‍ ശരാശരി ലഭിച്ചിരുന്നത് ഇത്തവണ 745.9 മില്ലി മീറ്ററായാണ് കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."