കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സമരവേദിയാകുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സമരവേദിയാകുന്നു. ഹജ്ജ് സര്‍വിസിന് അനുമതി നല്‍കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തുന്നത്. മുസ്ലിംലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ പ്രവാസി സംഘടനകള്‍ സമരം ആസൂത്രണം ചെയ്തുവരികയാണ്. മലബാര്‍ ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, ന്യൂനപക്ഷ വകുപ്പ് മന്ത്രി, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവര്‍ക്ക് ഇ.മെയില്‍ സന്ദേശം അയച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്.
ഹജ്ജ് സര്‍വിസ് പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ തിരിച്ചെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കരിപ്പൂരിലേക്ക് മാര്‍ച്ച് നടത്തും. എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്യും.അടുത്ത ആഴ്ച മുസ്ലിംലീഗ് പകല്‍ സമരം എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സമര പരിപാടിയാണ് നടത്തുക. വെല്‍ഫെയര്‍ പാര്‍ട്ടി മൂന്ന് ദിവസങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി നയിക്കുന്ന പ്രക്ഷോഭ യാത്ര ഫെബ്രുവരി 21, 22, 23 ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നടക്കുക. യൂത്ത് ലീഗ് ഏപ്രില്‍ മൂന്നിന് പാര്‍ലമെന്റിലേക്കും മാര്‍ച്ച് നടത്തും.
കരിപ്പൂരില്‍ റണ്‍വെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വിസിന് അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.റണ്‍വെ പ്രാപ്തമാണെങ്കിലും ക്രിട്ടിക്കല്‍ വിമാനത്താവളങ്ങളുടെ ലിസ്റ്റിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."