ഭിന്നലിംഗക്കാര്‍ക്കായി സഹകരണ സംഘങ്ങള്‍ വരുന്നു
കണ്ണൂര്‍: ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക സഹകരണ സംഘം എന്ന ആശയവുമായി സംസ്ഥാന സഹകരണ വകുപ്പ്. കണ്ണൂരില്‍ നടക്കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിന് പ്രത്യേക പരിഗണന നല്കുന്ന പ്രഖ്യാപനമുണ്ടായത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് സഹകരണ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വീകരിച്ചത്. ഭിന്നലിംഗക്കാരുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിന് ഗ്രാന്റ് ഉള്‍പ്പടെയുള്ള ധനസഹായം സഹകരണസംഘങ്ങളിലൂടെ നല്‍കും. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഭിന്നലിംഗക്കാര്‍ക്കായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ഇവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും സഹകരണ സംഘങ്ങളിലൂടെ കഴിയും. സഹകരണ നിയമം അനുശാസിക്കുന്ന അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ഇത്തരം സഹകരണ സംഘം രൂപീകരിക്കുക. സംസ്ഥാനത്തെ കോളജുകള്‍ കേന്ദ്രീകരിച്ച് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് ഘോഷയാത്രയും സമാപന സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."