സി.പി.ഐക്കെതിരേ സി.പി.എം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: സി.പി.ഐക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. സി.പി.ഐയുടെ നിലപാടുകള്‍ പലതും അതിരുകടക്കുന്നതായാണ് വിമര്‍ശനം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നണിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇടതു ഐക്യത്തിന് വിഘാതമായ നടപടി കേന്ദ്രനേതൃത്വം ഇടപെട്ട് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
എല്‍.ഡി.എഫില്‍ സി.പി.ഐയെ ശക്തമായ താക്കീത് ചെയ്യണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. സര്‍ക്കാരിനേയും മുന്നണിയേയും ഒറ്റപ്പെടുത്താന്‍ പല ശ്രമങ്ങളും സി.പി.ഐ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് തന്നെ മറ്റു മുന്നണികളുമായി യോജിച്ച് സമരം നടത്തുന്നതിനും സി.പി.ഐ തയാറായി.
വിവരാവകാശ നിയമത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതില്‍ സി.പി.ഐ മുന്‍പന്തിയിലാണ്.
സി.പി.എമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്ന തരത്തില്‍ സി.പി.ഐ മുന്നോട്ടു പോകുന്നത് തടയണമെന്നും നിര്‍ദേശം ഉയര്‍ന്നു. മിക്ക വിഷയങ്ങളും പൊതു വേദിയില്‍ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നുണ്ട്.
ഇതും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ലോ അക്കാദമി വിഷയത്തില്‍ സി.പി.എം മാനേജ്‌മെന്റിനൊപ്പമായിരുന്നുവെന്ന് സി.പി.ഐ നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ റേഷന്‍ വെട്ടിക്കുറച്ച നടപടിയും നോട്ടുനിരോധനവും യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."