വാഹനങ്ങളുടെ ഹൈപ്പോത്തിക്കേഷന്‍: ഫൈനാന്‍സറുടെ അനുമതി വേണ്ട
തൊടുപുഴ: മോട്ടോര്‍ വാഹനങ്ങളുടെ ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കാന്‍ ഇനി ഫൈനാന്‍സറുടെ അനുമതി വേണ്ട. ഫൈനാന്‍സറുടെ അനുമതിക്കായി കാത്തുനില്‍ക്കാതെ ഉടനടി തീര്‍പ്പുകല്‍പ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസവാദമുണ്ടായാല്‍ വാഹന ഉടമയ്‌ക്കെതിരേ രജിസ്റ്ററിങ് അതോറിറ്റി ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനാണെന്നും സര്‍ക്കുലറിലുണ്ട്.
ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഇടപെടല്‍. ഫൈനാന്‍സ് കമ്പനികള്‍ക്ക് കത്തയച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലാത്തതാണ് അപേക്ഷകള്‍ കുന്നുകൂടാന്‍ കാരണം. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 61 (1), 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 51 (3) വകുപ്പുകള്‍പ്രകാരം ഫോം 35നോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിശ്ചിത ഫീസും ലഭിച്ചാലുടന്‍ നിലവിലെ രജിസ്റ്ററിങ് അതോറിറ്റി ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കി നല്‍കണമെന്നാണ് വ്യവസ്ഥ. അവസാനത്തെ രജിസ്റ്ററിങ് അതോറിറ്റിയല്ല ഒറിജിനല്‍ രജിസ്റ്ററിങ് അതോറിറ്റിയെങ്കില്‍ ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കിയ വിവരം ഒറിജിനല്‍ രജിസ്റ്ററിങ് അതോറിറ്റിയെ അറിയിക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലെ 51 (3) ാം വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്നു.
ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കിയതിനുശേഷം ഓഫിസ് അധികാരി ഒപ്പുവച്ച ഫോം 35ന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഫൈനാന്‍സിയര്‍ക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കേണ്ടതാണ്. ഒറിജിനല്‍ രജിസ്റ്ററിങ് അതോറിറ്റിയും നിലവിലെ രജിസ്റ്ററിങ് അതോറിറ്റിയും വ്യത്യസ്തമാണെങ്കില്‍ ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കിയ വിവരം ഒറിജിനല്‍ രജിസ്റ്ററിങ് അതോറിറ്റിയേക്കൂടി അറിയിക്കണം. ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒരുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും സര്‍ക്കുലറിലുണ്ട്.
എന്നാല്‍, പുതിയ നിര്‍ദേശം അപ്രായോഗികമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുതിയ സാഹചര്യത്തില്‍ വ്യാജ എന്‍.ഒ.സികള്‍ വ്യാപകമാകുമെന്നും ഇത് കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."