നവമാധ്യമ ഇടപെടല്‍; സി.പി.ഐ മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും നവമാധ്യമങ്ങളില്‍ കാര്യമായി ഇടപെടാതെ സി.പി.ഐ മന്ത്രിനാര്‍.
ഫേസ്ബുക്കില്‍ ലൈക്കുകളുടെ എണ്ണം കൂടിയെങ്കിലും ഇടപെടലൊക്കെ പഴയപടി തുടരുകയാണ്. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മാത്രമാണ് ഇതില്‍ ഭേദം. കഴിഞ്ഞ ഡിസംബര്‍ 30നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗംവിളിച്ച് നവമാധ്യമ ഇടപെടല്‍ ശക്തമാക്കണമെന്ന് നിര്‍ദേശിച്ചത്. മന്ത്രിമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലഭിച്ച ലൈക്കുകള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് 536 ലൈക്കുമായി ഭക്ഷ്യ മന്ത്രി പി. തിലോത്തമനായിരുന്നു ഏറ്റവും പിന്നില്‍. തുടര്‍ന്ന് ലൈക്കുകളുടെ എണ്ണം 2,439 ആയി വര്‍ധിപ്പിച്ചെങ്കിലും ഇടപെടലിന്റെ കാര്യത്തില്‍ പിന്നോട്ടാണ്. ഈ വര്‍ഷം ഇതുവരെ ഒരു പോസ്റ്റ് മാത്രമാണ് തിലോത്തമന്‍ ഇട്ടത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ലൈക്കുകളുടെ എണ്ണം 800ല്‍നിന്ന് 7,663 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം രണ്ടു പോസ്റ്റുകള്‍ മാത്രമാണ് റവന്യൂമന്ത്രിയുടേതായുള്ളത്. ജനുവരി ഒന്നിലെ പുതുവത്സരാശംസയും ഫെബ്രുവരിയില്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയുമായി ബന്ധപ്പെട്ട വാര്‍ത്തയും. വനംമന്ത്രി കെ. രാജുവും വ്യത്യസ്തനല്ല. 9,847 ലൈക്കുകളുണ്ടെങ്കിലും ഇടപെടല്‍ ദുര്‍ബലം. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് മുന്‍പുതന്നെ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപുറമേ സാമൂഹിക വിഷയങ്ങളിലും നിലപാട് അറിയിക്കുന്ന സുനില്‍കുമാറിന്റെ പേജിന് 85,827 ലൈക്കുകളാണ് ഉള്ളത്.
ജനതാദള്‍ (എസ് ) മന്ത്രി മാത്യു ടി. തോമസും ലൈക്കുകളുടെ എണ്ണത്തില്‍ പിന്നിലാണ്. അദ്ദേഹത്തിന്റെ പേരില്‍ രണ്ടുപേജുകളാണുള്ളത്. അതില്‍ അല്‍പമെങ്കിലും സജീവമായ പേജിന് 1674 ലൈക്കുകളാണ് ഉള്ളത്. കോണ്‍ഗ്രസ് (എസ്) മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 19,196 ലൈക്കുകളുമായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമാണ്. ഫോണ്‍കെണിയില്‍നിന്ന് തലയൂരി തിരിച്ചെത്തിയ മന്ത്രി എ.കെ ശശീന്ദ്രന് 2018 ലൈക്കുകളാണുള്ളത്.
അതേസമയം, സി.പി.എമ്മിന്റെ മുഴുവന്‍ മന്ത്രിമാരും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."