കരാറുകാര്‍ക്കെതിരേ നടപടി കര്‍ക്കശമാക്കുന്നു റോഡ് നിര്‍മാണത്തിലെ അപാകത
കോട്ടയം: പൊതുമരാമത്ത് നിര്‍മാണ പ്രവൃത്തികളില്‍ തട്ടിപ്പ് നടത്തുന്ന കരാറുകാര്‍ക്കെതിരേ നടപടി കര്‍ക്കശമാക്കുന്നു. ക്രിമിനല്‍ കേസും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തലും നിര്‍ദേശിച്ച് മന്ത്രി ജി. സുധാകരന്‍ തന്നെയാണ് നടപടിക്ക് ചുക്കാന്‍പിടിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് തട്ടിപ്പ് നടത്തിയവരും നടപടിക്ക് വിധേയരായി. പ്രധാനമായും റോഡുകളും പാലങ്ങളും നിര്‍മിച്ച കരാറുകാരാണ് നടപടിക്ക് വിധേയരായത്. കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ വകുപ്പുതലത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നാണ് അറിയുന്നത്.
ചെങ്ങന്നൂരിലെ പ്രാവിന്‍കൂട് ജങ്ഷന്‍- എരമല്ലിക്കര റോഡിന്റെ നിര്‍മാണം കരാറെടുത്ത കമ്പനിക്കെതിരേയാണ് ഏറ്റവും അവസാനമായി നടപടിയെടുത്തത്. 5.400 കിലോമീറ്റര്‍വരുന്ന റോഡിന്റെ നിര്‍മാണം 5 കോടി രൂപയ്ക്കാണ് കാവുങ്കല്‍ റോഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനി കരാറെടുത്തത്.
2016 ജൂണില്‍ പണി ആരംഭിച്ചു. റോഡിന്റെ ഉപരിതലത്തില്‍ ജി.എസ്.ബിയും വെറ്റ് മിക്‌സ് മെക്കാഡവും വിരിക്കുന്ന പ്രവൃത്തി കമ്പനി നിലവാരംകുറഞ്ഞ രീതിയിലാണ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇത് നീക്കംചെയ്ത് നിലവാരമുള്ളവ വിരിക്കാന്‍ പലതവണ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയെങ്കിലും കമ്പനി അവഗണിക്കുകയായിരുന്നു.
തുടര്‍ന്ന് സാമൂഹ്യപരിശോധനാ കമ്മിറ്റി നടത്തിയ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കമ്പനിക്കെതിരേ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസെടുക്കുന്നതിനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. യു.ഡി.എഫ് ഭരണകാലത്ത് പണി പൂര്‍ത്തിയാക്കിയ പട്ടാമ്പി പുലമന്‍ റോഡ് ഗാരന്റികാലാവധി തീരുംമുന്‍പേ പൊളിഞ്ഞിരുന്നു. ഇത് വിജിലന്‍സ് കേസായെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ കരാറുകാരന്‍ തയാറായില്ല.
കരാര്‍ തുകയുടെ 25 ശതമാനം അന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുത്തുവെന്നായിരുന്നു കരാറുകാരന്റെ നിലപാട്. ഇതേത്തുടര്‍ന്ന് കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചിരിക്കുകയായിരുന്നു.
ദേശീയപാത 66ല്‍ തൃശൂര്‍ മണത്തല മുല്ലത്തറ ജങ്ഷന്‍ മുതല്‍ ചേറ്റുവ വരെയുള്ള ഭാഗം ഐ.ആര്‍.ക്യു.പി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി നടത്തിയ ഭാഗങ്ങള്‍ കരാര്‍ കാലാവധി തീരുന്നതിനുമുന്‍പ് തകര്‍ന്നു. കരാര്‍ കമ്പനിയായ ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് തകര്‍ന്ന ഭാഗം പുതുക്കിപ്പണിയാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം കരാറുകാരന്‍ ധൃതിപിടിച്ച് പണി പൂര്‍ത്തിയാക്കുകയായിരുന്നു.
ഇതിനിടെ കരാറുകാരനെതിരേ മന്ത്രി നേരിട്ട് പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുത്ത സംഭവവുമുണ്ടായി. തിരുവനന്തപുരത്ത് വാമനപുരം കരമന റോഡ് നിര്‍മാണം മുടങ്ങിയപ്പോഴായിരുന്നു ഇത്. ഒപ്പം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. പിന്നാലെ പണി പൂര്‍ത്തിയാക്കിയെങ്കിലും കേസ് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ പാലം നിര്‍മാണത്തിലും സമാനസ്വഭാവത്തില്‍ നടപടിയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."