യു.പി: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ
ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ നടക്കും. സംസ്ഥാനത്തെ 12 ജില്ലകളിലായി തലസ്ഥാന നഗരിയായ ലഖ്‌നോ ഉള്‍പ്പെടെ 69 നിയമസഭാ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലഖ്‌നോക്കു പുറമെ എത്വാ, കാന്‍പൂര്‍, മെയ്ന്‍പുരി, സിതാപൂര്‍ തുടങ്ങി പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എസ്.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ് തുടങ്ങിയവരുടെ റാലികളോടെ ഇന്നലെ വൈകുന്നേരം അഞ്ചിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു.
റായ്ബറേലിയില്‍ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയത് വോട്ടര്‍മാരില്‍ വലിയ ആവേശംനല്‍കി കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങിന്റെ മകള്‍ അതിഥി സിങാണ് റായ്ബറേലിയില്‍ മത്സരിക്കുന്നത്.
സംസ്ഥാനത്ത് നിയമവ്യവസ്ഥ പൂര്‍ണമായും തകര്‍ന്നതായി ബരാബങ്കിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി ആരോപിച്ചപ്പോള്‍ മെയ്ന്‍പുരിയില്‍ ഇതിന് രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉന്നയിച്ചത്. ജനങ്ങളെ ദ്രോഹിക്കുന്നതിനായി നടപ്പാക്കിയ നോട്ട് നിരോധനത്തില്‍ എത്ര കള്ളനോട്ടുകള്‍ പിടിച്ചുവെന്ന് മോദി വ്യക്തമാക്കണമെന്നും അതിനുശേഷം മതി സംസ്ഥാന ഭരണത്തെ വിമര്‍ശിക്കുന്ന നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നാലും അഞ്ചും ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 23, 27 തിയതികളിലായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."