നാല് ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ത്തു: 18 ഭീകരര്‍ അറസ്റ്റില്‍
ജിദ്ദ:അഞ്ച് ദിവസങ്ങളിലായി നടന്ന ഭീകരവേട്ടയില്‍ രാജ്യത്തെ നാല് ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഊദി സുരക്ഷാവിഭാഗം. മക്ക, മദീന,റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ച ഐ.എസ് കേന്ദ്രങ്ങളാണ് തകര്‍ത്തത്. 18 ഭീകരരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. പതിനഞ്ചുപേര്‍ സഊദികളും മറ്റുള്ളവര്‍ യമന്‍,സുഡാന്‍ പൗരന്‍മാരുമാണ്.
നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും 20 ലക്ഷം റിയാലും ഭീകരില്‍ നിന്ന് പിടികൂടി. ഫെബ്രുവരി 11 മുതല്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പരസ്പര ബന്ധമുള്ള നാലു സങ്കേതങ്ങള്‍ കീഴടക്കാനായത്.
മുന്‍പ് രാജ്യത്ത് നടന്ന തീവ്രവാദ കേസുകളിലെ പ്രതികള്‍ക്ക് അഭയം നല്‍കുക, ചാവേറുകള്‍ക്ക് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും പരിശീലനം നല്‍കുക. ഐ.എസ് ചിന്ത പ്രചരിപ്പിക്കുക, ഐ.എസ് സ്വാധീനമുള്ള രാജ്യങ്ങളിലേക്ക് യാത്രക്ക് പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.
ജനുവരി ഏഴിന് റിയാദില്‍ സുരക്ഷാഭടന്മാര്‍ കൊലപ്പെടുത്തിയ ഭീകരനും, ജനുവരി 21ന് ജിദ്ദയിലെ ഇസ്തിറാഹയില്‍ സ്വയം പൊട്ടിത്തെറിച്ച തീവ്രവാദികള്‍ക്കും ഇവരില്‍ ചിലര്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."