കുടിയേറ്റ നിരോധനം പുതുക്കും: പുതിയ നിയമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ കുടിയേറ്റ നിരോധന നിയമം പരിഷ്കരിക്കുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയിലേക്കു പ്രവേശനം നിരോധിച്ചു പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍ തിരുത്തല്‍വരുത്തി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരവ് തടഞ്ഞ ഫെഡറല്‍ കോടതി നടപടി പരിഗണിക്കുമെന്നും കോടതി ഉന്നയിച്ച പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്ത് അടുത്തയാഴ്ച പുതിയ നയം പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. ഇക്കാര്യം യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരവ് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നു പറഞ്ഞ ഡിപാര്‍ട്ട്മെന്റ് വക്താവ് വിശദവിവരം നല്കാന് വിസമ്മതിച്ചു. ഉത്തരവ് മാറ്റിയെഴുതുമെന്നു നേരത്തെ ചില സര്‍ക്കാര്‍ വൃത്തങ്ങളും വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, യാത്രാനിരോധന ഉത്തരവ് തടഞ്ഞ ഫെഡറല്‍ കോടതിയുടെ നടപടിയെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നമ്മുടേതൊരു ചീത്ത കോടതിയാണ്. മോശം തീരുമാനമാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം 27നാണു വിവാദ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. സിറിയ, ഇറാന്, ഇറാഖ്, സുദാന്‍, ലിബിയ, സോമാലിയ, യമന്‍ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര് അമേരിക്കയില്‍ പ്രവേശിക്കുന്നതു നിരോധിക്കുകയും അഭയാര്‍ഥികളെ തടയുകയും ചെയ്യുന്നതായിരുന്നു ഉത്തരവ്. ഇതു രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിനു പുറമെ ലോകരാജ്യങ്ങളും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും അമേരിക്കയുടെ നടപടിക്കെതിരേ രംഗത്തെത്തി. ബ്രിട്ടന് പാര്‍ലമെന്റില്‍ പ്രസംഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു.
ഉത്തരവ് തടഞ്ഞ നടപടിക്കെതിരേ ഒന്‍പതാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയില്‍ ട്രംപ് ഭരണകൂടം ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തരവ് പുതുക്കാനുള്ള നീക്കത്തെ വാഷിങ്ടണ്‍ സംസ്ഥാനത്തെ അറ്റോണി ജനറല്‍ ബോബ് ഫെര്ഗൂസന് അഭിനന്ദിച്ചു. ഇതു രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ഫെര്ഗൂസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."