ഒരു കഴുത്തെടുക്കാനുണ്ടോ പെങ്ങളെ മാല പൊട്ടിക്കാന്‍ !
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ത്രീകളുടെ മാലപൊട്ടിച്ചു.
ഇന്നലെ പുലര്‍ച്ചെ 5.30 ന് ശ്രിവരാഹം ക്ഷേത്രത്തില്‍ ദര്‍ശനത്തെത്തിയ തമിഴ്നാട് സ്വദേശിനിയുടെ രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു. ഇതിനു പിന്നാലെ വൈകിട്ട് 5.30 ഓടെ പേട്ട എല്‍.പി.എസ് സ്കൂളിന് സമീപം വച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ഒരു പവന് സ്വര്‍ണമാലയും കവര്‍ന്നു. ഈ സംഭവത്തില്‍ ബൈക്കിലെത്തിയവരില്‍ ഒരാള്‍ സ്ത്രീയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തു സ്ഥാപിച്ചിരുന്ന സി.സി ടിവി ക്യാമറകളില്‍ പകര്‍ന്നിട്ടുണ്ട്. ഇതിന് സമാനമായി തിരുവല്ലം പൂങ്കുളത്ത് വഴിയാത്രക്കാരിയായ വീട്ടമ്മയുടെ ഒന്നര പവന് സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു.
വിഴിഞ്ഞം: ബന്ധുവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന താലി മാല രണ്ടംഗ സംഘം പൊട്ടിച്ചു കടന്നു. നാട്ടുകാരും പൊലിസും പുറകെ പാഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.കോളിയൂര്‍ കീഴൂര്‍ വാത്സല്യം വീട്ടില്‍ ഗിരീഷിന്റെ ഭാര്യ സിന്ധുവിന്റെ മൂന്നര പവന് സ്വര്‍ണ മാലയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കോളിയൂര്‍ സൊസൈറ്റിക്ക് സമീപത്തായിരുന്നു സംഭവം. യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നാലെ ബൈക്കിലെത്തിയ സംഘം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കോവളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കല്ലമ്പലം: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചു. പുല്ലൂര്‍മുക്ക് ഷാനി മന്‍സിലില്‍ പത്മിനി(65)യുടെ രണ്ട് പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വഴിചോദിക്കാനെന്ന വ്യാജേന വയോധികയുടെ സമീപത്തെത്തിയാണ് ഇവര്‍ മാല പൊട്ടിച്ചത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കുംസംഘം രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പ് ഇതിനു സമീപത്ത് പെണ്‍കുട്ടിയുടെ മാലയും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തിരുന്നു. കല്ലമ്പലം പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഫലപ്രദമല്ലെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."