തലക്കുളത്തൂര്‍ സോളാര്‍ വൈദ്യുത പദ്ധതി മാര്‍ച്ചില്‍ നാടിന് സമര്‍പ്പിക്കും: മന്ത്രി
തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ സോളാര്‍ വൈദ്യുത പദ്ധതി മാര്‍ച്ച് രണ്ടാം വാരത്തോടെ നാടിന് സമര്‍പ്പിക്കാനാവുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. തലക്കുളത്തൂര്‍ പഞ്ചായത്തിലെ തൂണ്‍മണ്ണില്‍ സ്ഥാപിച്ച സോളാര്‍ വൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം നിര്‍മാണ പുരോഗതി വിലയിരുത്തി. 22ന് പരിക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം നടത്തും.
3.6 ഏക്കര്‍ സ്ഥലത്ത് 2,630 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിട്ടുളളത്. 650 കിലോവാട്ട് സ്ഥാപിത ശേഷിയുണ്ട്. ഉല്‍പാദനം തുടങ്ങിയാല്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് കണക്ട് ചെയ്ത് 11 കിലോവാട്ട് ആക്കി കൊടുവളളി, വെസ്റ്റ്ഹില്‍ സബ്‌സ്റ്റേഷനുകളിലെത്തിച്ച് വൈദ്യുതി വിതരണം ചെയ്യുന്നതാണ് സംവിധാനം. പദ്ധതി പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പദ്ധതി പ്രദേശത്തിന് സമീപത്തുകൂടിയുളള റോഡ് എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കും.
കാലാവസ്ഥാ വ്യതിയാനം കാരണം പരമ്പരാഗത വൈദ്യുതി ഉല്‍പാദനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ക്ക് വലിയ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
തലക്കുളത്തൂരില്‍ നിലവിലുളള പദ്ധതി പ്രദേശത്ത് കുറച്ചുകൂടി ഭൂമി ലഭ്യമായാല്‍ 350 കിലോവാട്ട് വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാനുളള പദ്ധതി ആലോചനയിലുളളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ബി സ്വാമിനാഥന്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി സാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി സജീവന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.കെ അനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രകാശന്‍, അംഗങ്ങളായ ജയന്തി, ഉഷാ പ്രകാശ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."