ഇടുക്കി ചുട്ടുപൊള്ളുന്നു; രോഗങ്ങള്‍ വ്യാപകം
തൊടുപുഴ: ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂടില്‍ ജില്ല ചുട്ടുപൊള്ളുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഉയര്‍ന്ന താപനിലയാണ് ഹൈറേഞ്ചിലും ലോറേഞ്ചിലും ഇത്തവണ രേഖപ്പെടുത്തുന്നത്. ലോറേഞ്ചില്‍ 35 ഡിഗ്രിയും ഹൈറേഞ്ചില്‍ 31 ഡിഗ്രിയുമായിരുന്നു ഇന്നലത്തെ താപനില.
തൊടുപുഴ, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, അറക്കുളം എന്നിവിടങ്ങളില്‍ 35 ഡിഗ്രിയും കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട് അയ്യപ്പന്‍കോവില്‍, വാഗമണ്‍ എന്നിങ്ങനെ ഹൈറേഞ്ച് മേഖലയില്‍ 31 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്ച വരെ തൊടുപുഴ മേഖലയില്‍ 32 ഡിഗ്രിയും ഹൈറേഞ്ചില്‍ 29 ഡിഗ്രിയുമായിരുന്ന താപനിലയാണ് വളരെ വേഗം ഉയര്‍ന്നത്. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോറേഞ്ചില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ പകല്‍ച്ചൂടിന്റെ കാഠിന്യമേറിയതോടെ ആളുകള്‍ക്കു പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ചൂട് വര്‍ധിച്ചതോടെ കെട്ടിട നിര്‍മാണ ജോലിക്കാര്‍, കൃഷിപ്പണിക്കാര്‍ എന്നിവര്‍ക്കു പുറംപണികളില്‍ നിയന്ത്രണമേര്‍പ്പെടുത്തും.
ജില്ലയിലെ കാര്‍ഷിക മേഖലയും കാലാവസ്ഥാ വ്യതിയാനത്തില്‍ വീര്‍പ്പുമുട്ടുകയാണ്. കാര്‍ഷികോല്‍പാദനത്തിലും ഈ വ്യതിയാനം പ്രകടമായതായി കര്‍ഷകര്‍ പറയുന്നു. കാട് കൈയേറിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മൂലം പച്ചപ്പില്ലാതാകുന്നത്, പാറ ഖനനം, മണ്ണെടുക്കല്‍, വന്‍തോതിലുള്ള പാടം നികത്തല്‍, ജലാംശം ഇല്ലാതാകല്‍ എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും കൂടി വരികയാണ്.
ജില്ലയില്‍ പ്രധാന ജലസംഭരണികളും പുഴകളും വറ്റിത്തുടങ്ങി. പ്രധാന വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ വരണ്ടുവരികയാണ്. വേനല്‍ച്ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരേ മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് സൂര്യാഘാത കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്‍കരുതലിന് നിര്‍ദേശം നല്‍കിയത്.
ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് രോഗങ്ങളും വ്യാപകമായി. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലെ താപം പുറത്തേക്ക് കളയാന്‍ തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്. 103 ഡിഗ്രിയില്‍ കൂടുതല്‍ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡി മിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയുമാണ് ലക്ഷണങ്ങള്‍. സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെത്തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്.
ചൂട് കാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ടു വരുന്നത്. ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വെയിലത്ത് കൂടുതല്‍ ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി. ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഒരോ മണിക്കൂര്‍ കൂടുമ്പോഴും വെള്ളം കുടിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും വേണം. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുതെന്നും ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."