താഴെചൊവ്വയില്‍ വന്‍ തീപ്പിടിത്തം
കണ്ണൂര്‍: താഴെചൊവ്വയില്‍ റെയില്‍വേ ട്രാക്കിനു സമീപത്തെ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ െൈവെകുന്നേരം 3.45ഓടെയാണ് റെയില്‍വേ ട്രാക്കിനും തലശ്ശേരി ദേശീയപാതയ്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കട അഗ്നിക്കിരയായത്. കട പൂര്‍ണമായും കത്തിനശിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി റെയില്‍വേ ജീവനക്കാര്‍ ട്രാക്കിനു സമീപം മാലിന്യം കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ കടയിലേക്കു പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. കടയില്‍ സൂക്ഷിച്ച 15ഓളം കരിഓയില്‍ ബാരലുകളില്‍ തീ പടരുകയായിരുന്നു.
ഇതോടെ ചെറിയ പൊട്ടിത്തെറിയോടെ സമീപത്തെ തെങ്ങിന്റെ ഉയരത്തില്‍ തീ പടര്‍ന്നു പിടിച്ചു. രണ്ട് തെങ്ങുകളും ഏതാനും മരങ്ങളും കത്തിക്കരിഞ്ഞു. തീ ഉയരുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫിസര്‍ പ്രകാശ്കുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നുള്ള രണ്ട് യൂനിറ്റും കൂത്തുപറമ്പില്‍ നിന്നും ഒരു യൂനിറ്റും അഗ്നിസേന അംഗങ്ങള്‍ എത്തി മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രിക്കടയിലെ തൊഴിലാളികള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയതിനാല്‍ ദുരന്തം ഒഴിവായി.
വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ് കടന്നുപോകാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോഴാണ് തീപിടിത്തമുണ്ടായത്. തീ ശമിപ്പിച്ച് 15 മിനുട്ടോളം കഴിഞ്ഞാണ് ട്രെയിന്‍ കടന്നുപോയത്. ഫയര്‍ഫോഴ്‌സിന്റെ വെള്ളം തീര്‍ന്നതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കുടിവെള്ള ടാങ്കറുകളില്‍ നിന്നു വെള്ളമെത്തിച്ചു. റെയില്‍വേയുടെ പുറമ്പോക്കു ഭൂമിയില്‍ ട്രാക്കിനു സമീപം രണ്ട് ഷെഡുകളിലായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കടയാണിത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ രാജേന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."